കാറളത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കാറളത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പതിനഞ്ച് പവനോളം സ്വണ്ണം കവർന്നതായി സൂചന

 

ഇരിങ്ങാലക്കുട : കാറളത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാറളം മൃഗാശുപത്രിക്ക് അടുത്ത് പാറാമ്പുള്ളി റോഡിൽ അരുമ്പിള്ളി വിജയൻ ഭാര്യ സാവിത്രി ( 79) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സാവിത്രിയുടെ പേരക്കുട്ടി സ്കൂളിൽ നിന്നും വീട്ടിൽ മടങ്ങി എത്തിയപ്പോഴാണ് മുത്തശ്ശിയെ മരിച്ച നിലയിൽ കണ്ടത്. ഇതേ സമയം മകൻ സുമേഷ് പിതാവ് വിജയനെയും കൊണ്ട് ഇരിങ്ങാലക്കുടയിൽ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഡിഐജി നാരായണൻ, റൂറൽ എസ്പി മുഹമ്മദ് നദീം ഐപിഎസ് , എഎസ്പി ടി എസ് സനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവയും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട സാവിത്രി ധരിച്ചിരുന്ന മാലയും വളകളും മോതിരവുമടക്കം പതിനഞ്ച് പവൻ സ്വർണ്ണം നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. വൈകീട്ട് പരിസരത്തെ വീടുകളിൽ നാടോടികൾ എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. സുരേഷ്, സുഭാഷ്, സുമേഷ് , പരേതരായ സുജേഷ്, ശശി എന്നിവർ മക്കളും സിനി, ഗ്രീഷ്മ , ടിന , സുബിത, പ്രീതി എന്നിവർ മരുമക്കളുമാണ്.

Please follow and like us: