തൃശ്ശൂർ -കൊടുങ്ങല്ലൂർ റൂട്ടിലെ അപകടങ്ങൾ ; വില്ലൻ ഓർഡിനറി സർവീസുകളെന്നും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്കെതിരെയുള്ള അപവാദങ്ങൾ അവസാനിപ്പിക്കണമെന്നും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഉടമകൾ
ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ അപകടങ്ങൾ വർധിക്കുന്നതിന് കാരണക്കാർ തങ്ങൾ അല്ലെന്നും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്കെതിരെയുള്ള അപവാദ പ്രചരണങ്ങൾ നിറുത്തണമെന്നും ലിമിറ്റഡ് സ്റ്റോപ്പ് ബസുടമകൾ. അഞ്ച് മിനിറ്റ് സമയം കുറച്ച് സർവീസ് നടത്തുന്ന ഓർഡിനറി ബസ്സുകളാണ് മൽസരയോട്ടത്തിനും അപകടങ്ങൾക്കും കാരണമാകുന്നത്. നിലവിൽ 38 കിലോമീറ്റർ ദൂരവും 15 സ്റ്റോപ്പുകളും 76 മിനിറ്റ് കൊണ്ടാണ് ലിമിറ്റഡ് സ്റ്റോപ്പുകൾ ഓടിയെത്തുന്നത്. എന്നാൽ 76 സ്റ്റോപ്പുകൾ ഉള്ള ഓർഡിനറി ബസ്സുകൾ അഞ്ച് മിനിറ്റ് കുറച്ച് 90 മിനിറ്റ് കൊണ്ടാണ് സർവീസ് നടത്തുന്നത്. ലിമിറ്റഡ് സ്റ്റോപ്പുകൾക്ക് 76 മിനിറ്റ് ധാരാളമാണെന്നും എന്നാൽ ഓർഡിനറി ബസ്സുകൾക്ക് 95 മിനിറ്റ് വേണ്ടതുണ്ടെന്നും എന്നാൽ ഇത് അംഗീകരിക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും പ്രസിഡണ്ട് എം എസ് പ്രേംകുമാറും തയ്യാറാകുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. നടവരമ്പ് ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അപകടങ്ങൾക്ക് ഉത്തരവാദികൾ ഓർഡിനറി സർവീസുകൾ ആണ്. എന്നാൽ ഇത് മനസ്സിലാക്കാതെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തുകയാണ്. റോഡുകളിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനും ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാൻഡിൽ സർവീസിന് മുമ്പേ തന്നെ പല ബസുകളും നിറുത്തിയിടുന്നത് ഒഴിവാക്കാനും അധികൃതർ തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഉടമകളായ റിയാസ് അലി, സുരേഷ് കുമാർ, അംബീഷ് എം വി, മനോജ് എം കെ, ഡിബിൻ ഐ എ , നജീബ് കെ എ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു















