ഇരിങ്ങാലക്കുട ശക്തിനഗറിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും കത്തി നശിച്ചു
ഇരിങ്ങാലക്കുട : വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും പൂർണ്ണമായും കത്തി നശിച്ചു . ഇരിങ്ങാലക്കുട ശക്തിനഗറിൽ തട്ടിൽ റിജോ ജോസിൻ്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വണ്ടികളാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. വീട്ടിൽ റിജോയുടെ ഭാര്യ മെഡാലിനും ഇളയ മകളും മാത്രമേ ഉണ്ടായിരുന്നുള്ളു. ശബ്ദം കേട്ട് നോക്കിയപ്പോൾ പുക ഉയരുന്നതായി കണ്ടതായും വിവരമറിയിച്ചതിനെ എത്തിയ ഫയർ ഫോഴ്‌സിൻ്റെയും പോലീസിൻ്റെയും നേത്യത്വത്തിലാണ് തീ അണച്ചതെന്നും മെഡാലിൻ പറഞ്ഞു. കാർ പോർച്ചിലെ ടൈലുകൾ, മുകളിലെ ഷീറ്റുകൾ, കാർ പോർച്ചിനോട് ചേർന്നുള്ള മുറിയുടെ ജനാലകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടറിൻ്റെ ബാറ്ററി ഷോർട്ട് സർക്യൂട്ട് ആയതിനെ തുടർന്ന് കത്തുകയും തീ കാറിലേക്കും പടർന്നതാകാനാണ് സാധ്യതയെന്നും അഗ്‌നിശമന സേന വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.















