എടതിരിഞ്ഞി വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു; നൂറ്ദിനകർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഇതിനകം 12000 പേർക്ക് പട്ടയം നൽകാനും 50000 ഭൂമിതരം മാറ്റൽ അപേക്ഷകൾ തീർപ്പാക്കാനും കഴിഞ്ഞതായി റവന്യൂ മന്ത്രി എ പി അനിൽകുമാർ
ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഇതിനകം 12000 പേർക്ക് പട്ടയം കൊടുക്കാൻ കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ. സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ സ്കീം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച എടതിരിഞ്ഞി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശ്ശൂർ ജില്ലയിൽ മാത്രം 1300 പേർക്കാണ് പട്ടയം വിതരണം ചെയ്തത്. ഭൂമിതരംമാറ്റത്തിനുള്ള രണ്ടര ലക്ഷം അപേക്ഷകളിൽ യുഡിഎഫ് സർക്കാർ വന്നതിന് ശേഷം 50000 അപേക്ഷകൾ തീർപ്പാക്കാൻ കഴിഞ്ഞു. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നീട്ടി കൊണ്ട് പോകുന്നത് നല്ല ഭരണകൂടത്തിൻ്റെ ലക്ഷണമല്ല. വിവിധ ആവശ്യങ്ങളുമായി വരുന്നവരോട് മാന്യമായി പെരുമാറാനും സമയബന്ധിതമായി ആവശ്യങ്ങൾ നിറവേറ്റി നൽകാനും ഉദ്യോഗസ്ഥർക്ക് കഴിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ചേലൂർ സെൻ്റ് മേരീസ് ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വിശിഷ്ടാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വൽസല ബാബു, പഞ്ചായത്ത് പ്രസിഡൻ്റ് കെ പി കണ്ണൻ, ബ്ലോക്ക് മെമ്പർ രമേഷ് വി ആർ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സിദ്ധാർത്ഥൻ എ ഐ , അജിത് കുമാർ ഒ എൻ , അനിത രാധാകൃഷ്ണൻ, ഫിലിപ്പ് ഓളാട്ടുപുറം തുടങ്ങിയവർ പങ്കെടുത്തു . തൃശ്ശൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം സന്ദീപ് സ്വാഗതവും ഭൂരേഖ തഹസിൽദാർ ആൻ്റോ ജേക്കബ് നന്ദിയും പറഞ്ഞു















