ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ കോൺഗ്രസ്സ് നേതാവിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ ഭരണസമിതി അംഗങ്ങൾ ഉൾ പ്പെടെയുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; കോൺഗ്രസ്സ് നേതാവിന് കോടികളുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് കാരണം കാണിക്കൽ നോട്ടീസ്; ഫൊറൻസിക് ഓഡിറ്റ് ഇതിനകം പൂർത്തീകരിച്ചത് അഞ്ച് ഫയലുകളിൽ

 

തൃശ്ശൂർ: ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിൽ വായ്പകൾ അനുവദിച്ചതിലും നടപടി ക്രമങ്ങൾ പാലിക്കുന്നതിലും വീഴ്ചകൾ വരുത്തിയതിൻ്റെ പേരിൽ കൂടുതൽ പേർക്ക് കാരണം കാണിക്കൽ നോട്ടീസ്. ആലത്തൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിട്ടുള്ള കെപിസിസി മുൻ സെക്രട്ടറി കൂടിയായ കോൺഗ്രസ്സ് നേതാവിന് നാല് കോടിയോളം രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ഏറ്റവും ഒടുവിൽ ബാങ്കിൻ്റെ മുൻ ചെയർമാൻ, മുൻ ജനറൽ മാനേജർ, അന്നത്തെ ഭരണ സമിതി അംഗങ്ങൾ , മാനേജർ തസ്തികയിൽ പ്രവർത്തിച്ചവർ എന്നിവർക്ക് 21 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ബാങ്കിൽ നടന്ന് കൊണ്ടിരിക്കുന്ന ഫൊറൻസിക് ഓഡിറ്റിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. 2016 ൽ ആദ്യം 50 ലക്ഷം വായ്പ അനുവദിക്കുകയും തുടർന്ന് 2017- 18 , 2018 – 19 വർഷങ്ങളിൽ ഇദ്ദേഹത്തിന് വായ്പ പുതുക്കി നൽകുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.വായ്പയുടെ സെക്യൂരിറ്റികളുടെ മൂല്യം വിലയിരുത്തുന്നതിലും തിരിച്ചടവ് ശേഷി വിലയിരുത്തുന്നതിലും വായ്പ തുകയുടെ വിനിയോഗം കൃത്യമായി വിലയിരുത്തുന്നതിലും അധികൃതർക്ക് വീഴ്ച സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആർബിഐ യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നതിന് ശേഷം ആരംഭിച്ചിട്ടുള്ള ഫൊറൻസിക് ഓഡിറ്റ് പ്രകാരം അഞ്ച് വായ്പ ഫയലുകളിൽ അന്വേഷണം പൂർത്തിയാക്കി നാലെണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കഴിഞ്ഞിട്ടുണ്ട്. ആദ്യഘട്ടത്തിൽ അയച്ച നോട്ടീസുകൾക്ക് ലഭിച്ച മറുപടികളിൽ സപ്ലിമെൻ്ററി നോട്ടീസുകളും അയച്ച് കഴിഞ്ഞു. കോൺഗ്രസ്സ് നേതാവിന് പുറമെ ഇരിങ്ങാലക്കുട സ്വദേശിയായ ഒരു മുൻ വസ്ത്ര വ്യാപാരി, ജ്വല്ലറി ഉടമ, പെരിഞ്ഞനത്തുള്ള ബാറുടമ , എന്നിവർക്ക് അനുവദിച്ച കോടിക്കണക്കിന് രൂപയുടെ വായ്പകളിലാണ് ഇപ്പോൾ അന്വേഷണം പൂർത്തിയാക്കിയിട്ടുള്ളതായാണ് സൂചന.ബാങ്കിൻ്റെ മെയിൻ ബ്രാഞ്ച്, കരുവന്നൂർ, വെള്ളാങ്ങല്ലൂർ ബ്രാഞ്ചുകളിൽ നിന്നാണ് വായ്പകൾ അനുവദിച്ചിരിക്കുന്നത്.

Please follow and like us: