ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനം സിവിൽ സ്‌റ്റേഷനിലെ റെക്കോർഡ് റൂമിലേക്ക് താത്കാലികമായി മാറ്റുന്നു

ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനം കച്ചേരിവളപ്പ് കെട്ടിടത്തിൽ നിന്നും മാറ്റാൻ ഹൈക്കോടതി നിർദ്ദേശം; താത്കാലികമായി പ്രവർത്തിക്കുക സിവിൽ സ്‌റ്റേഷനിലെ റെക്കോർഡ് മുറിയിൽ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മെയിൻ റോഡിൽ കൂടൽമാണിക്യം ദേവസ്വം വക കച്ചേരി വളപ്പിൽ പ്രവർത്തിക്കുന്ന ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനം സിവിൽ സ്റ്റേഷനിലെ കോടതികളോടനുബന്ധിച്ചുള്ള റെക്കോർഡ് റൂമിലേക്ക് മാറ്റി പ്രവർത്തിക്കാൻ ഹൈക്കോടതി അനുമതി. 175 വർഷത്തെ പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മജിസ്ട്രേറ്റ് കോടതി ഉയർത്തുന്ന അപകടസാധ്യത സംബന്ധിച്ച് അഡ്വ ജെയിംസ് അവറാൻ നൽകിയ പരാതിയിൽ മനുഷ്യാകാശ കമ്മീഷൻ കേസ് എടുത്തിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശമനുസരിച്ച് മജിസ്ട്രേറ്റ് കോടതി പ്രവർത്തിക്കാനായി റവന്യൂ വകുപ്പ് ഠാണാവിൽ ഉള്ള ബിഎസ്എൻഎൽ കെട്ടിടം കണ്ടെത്തി റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബാർ അസോസിയേഷൻ്റെ തന്നെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ കോടതി പ്രവർത്തനങ്ങൾക്ക് അനുയോജ്യമായതും ഇപ്പോൾ റെക്കോർഡ് മുറിയായി പ്രവർത്തിക്കുന്ന രണ്ടാം നിലയിലെ സ്ഥലം കണ്ടെത്തി ഇത് സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിച്ചത്. സിവിൽ സ്റ്റേഷനിൽ തന്നെ 95 % നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുള്ള കോർട്ട് കോംപ്ലക്സിൻ്റെ ഉദ്ഘാടനം വരെ താത്കാലികമായി ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഇവിടെ പ്രവർത്തിക്കും. റെക്കോർഡ് മുറിയിൽ സൂക്ഷിച്ചിരിക്കുന്ന സിവിൽ കേസുകളുമായി ബന്ധപ്പെട്ട ആയിരത്തോളം റെക്കോർഡുകൾ കോർട്ട് കോംപ്ലക്സിലേക്ക് അടിയന്തരമായി മാറ്റാനും മുറി വൃത്തിയാക്കി ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനുമുള്ള ശ്രമങ്ങളിലുമാണ് അധികൃതർ. റെക്കോർഡ് റൂമിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന മീഡിയേഷൻ സബ് സെൻ്ററിൻ്റെ പ്രവർത്തനങ്ങളും ഇവിടെ നിന്ന് താത്കാലികമായി മാറ്റുന്നുണ്ട്.

Please follow and like us: