കുട്ടംകുളം സ്മാരക നിർമ്മാണമെന്ന വാർത്തയും പ്രചരണങ്ങളും അടിസ്ഥാനരഹിതമെന്ന് പൊതുമരാമത്ത് വകുപ്പ്

കുട്ടംകുളം സ്മാരകം നിർമ്മാണമെന്ന വാർത്തയും പ്രചരണങ്ങളും അടിസ്ഥാനരഹിതമെന്ന് അധികൃതർ; നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ട് നഗരസഭ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കുട്ടംകുളത്തിൻ്റെ ഒരു ഭാഗം നികത്തി കുട്ടംകുളം സമര സ്മാരകം നിർമ്മിക്കുന്നതായുള്ള വാർത്തയും ഇതേ തുടർന്നുള്ള പ്രചരണങ്ങളും അടിസ്ഥാന രഹിതമെന്ന് നിർമ്മാണ മേൽനോട്ടം വഹിക്കുന്ന പൊതുമരാമത്ത് കെട്ടിട വിഭാഗം. ഇത്തരത്തിൽ ഒരു ആലോചനയും നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2021 മെയ് 16 ന് കനത്ത മഴയിലാണ് കുട്ടംകുളം സംരക്ഷണഭിത്തി ഇടിഞ്ഞത് . കുട്ടംകുളത്തിൻ്റെ സംരക്ഷണ നവീകരണ പ്രവ്യത്തികൾക്കായി 2023 സെപ്റ്റംബർ രണ്ടാം തീയതിയാണ് റവന്യൂ ദേവസ്വം വകുപ്പിൽ നിന്നും നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. നിർമ്മാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി നൽകിയ ടെണ്ടർ അധിക തുക 2025 ഒക്ടോബർ 16 ന് അംഗീകരിക്കുകയും 2025 നവംബർ ഒന്നിന് സൈറ്റ് കൈമാറുകയും ചെയ്തു . 18 മാസമാണ് നിർമ്മാണ കാലാവധി നൽകിയിരിക്കുന്നത്. കുളത്തിൻ്റെ കിഴക്ക് തെക്ക് മൂലയിൽ മതിൽ പൊളിച്ച് നീക്കി മണ്ണെടുക്കുന്നത് സമീപത്തെ റോഡിനും പഴയ വീടുകൾക്കും അടുത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും അപകട ഭീഷണി ഉയർത്തുമെന്ന വിലയിരുത്തിലാണ് ഇവിടെ കരിങ്കൽ കെട്ടി ഉയർത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നടപ്പാത നിർമ്മാണം , ഇടിഞ്ഞ് വീണ റോഡിൻ്റെ പുനർനിർമ്മാണം, ജീർണ്ണാവസ്ഥയിലായ കുളക്കടവുകളുടെ നിർമ്മാണം , ഇവയ്ക്കുള്ള മേൽക്കൂരകൾ, വൈദ്യുതി ലാമ്പുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.

കുളം നികത്തി ക്ഷേത്ര ദർശനം മറിച്ച് കുട്ടംകുളം സമര സ്മാരകം നിർമ്മിക്കുന്നുവെന്ന അഭ്യൂഹം ഉയർന്നതിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ, ബിജെപി , ഹിന്ദു ഐക്യവേദി, ജാഗരൺ മഞ്ച് എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് നൽകണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നഗരസഭ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Please follow and like us: