പ്രതിഷേധക്കടലായി ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ; ബാങ്കും ആർബിഐയും നിക്ഷേപകരെ വഞ്ചിക്കുകയാണെന്നും ബാങ്കിനെ പ്രതിസന്ധിയിൽ ആക്കിയവരെ അഴിയെണ്ണിക്കുമെന്നും വിഷയം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ആക്ഷൻ കമ്മിറ്റി ; നാളെ മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങി നിക്ഷേപകർ.
ഇരിങ്ങാലക്കുട : പ്രതിഷേധക്കടലായി ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് അങ്കണം . നിക്ഷേപങ്ങൾ തിരിച്ച് കിട്ടാനും ബാങ്കിനെ പ്രതിസന്ധിയിൽ ആക്കിയ ഭരണസമിതി അംഗങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ട് കെട്ടാനും ആവശ്യപ്പെട്ട് കൊണ്ട് ഐടിയു ബാങ്ക് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആദ്യം ബാങ്ക് അധികൃതരും ഇപ്പോൾ ആർബിഐ യും നിക്ഷേപകരെ വഞ്ചിക്കുകയാണെന്ന് വിമർശിച്ചു. സർക്കാർ ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും ദീർഘകാലം ബാങ്ക് ഭരിച്ച എം പി ജാക്സൻ പറഞ്ഞത് പച്ചക്കള്ളമാണ്. 2019 മുതൽ ബാങ്കിൻ്റെ പ്രവർത്തനം ശരിയല്ലെന്ന് ആർബിഐ മുന്നറിയിപ്പുകൾ നൽകിയതാണ്. ഇതിനെയെല്ലാം ഭരണ സമിതി അവഗണിക്കുകയായിരുന്നു. തുടർന്നാണ് ആർബിഐ നടപടികൾ സ്വീകരിച്ചത്. താലൂക്കിൻ്റെ പരിധി വിട്ട് ബ്രാഞ്ചുകൾ ആരംഭിച്ചതും ഐടിസി എന്ന് ബാങ്കിനെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചതും കോടികളുടെ നഷ്‌ടമാണ് വരുത്തി വച്ചത്. 2024 25 വർഷത്തിൽ 58 കോടി രൂപ നഷ്ടത്തിലായിരുന്ന ബാങ്ക് ഇപ്പോൾ 185 കോടി രൂപ നഷ്ടത്തിലാണ്. കൈക്കൂലിയും കമ്മീഷനും തട്ടി വൻ തുകകൾ ലോണുകളായി നൽകുകയായിരുന്നു. ബാങ്കിംഗ് അറിയുന്ന എത്ര ജീവനക്കാർ ഇവിടെയുണ്ട്. ബാങ്ക് ജീവനക്കാരുടെ ടൂറിനായി ഓരോ വർഷവും ആറ് ലക്ഷം രൂപയാണ് ചിലവഴിച്ചിരുന്നത്.ഇവരുടെ ശമ്പളം കുറയ്ക്കണം. ബാങ്ക് മുൻ ചെയർമാൻ എം പി ജാക്സന് ബാങ്കിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം മാത്രമാണുള്ളത്. പ്രതിസന്ധിയെ ക്കുറിച്ച് സൂചനകൾ ലഭിച്ചതോടെ ബസ് സ്റ്റാൻ്റ് പരിസരത്തെ ഒരു വ്യാപാര സ്ഥാപനം മൂന്ന് കോടി രൂപയാണ് പിൻവലിച്ചത്. ബാങ്കിനെയും നിക്ഷേപകരെയും രക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണം. ഇടപെടലുകൾ ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയെ കഴിഞ്ഞ ദിവസം കണ്ടതായും നാളെ മുഖ്യമന്ത്രിക്ക് നിവേദനം കൈമാറുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു. ബിബിൻ ജോൺ, ലിയോ പി ആൻ്റോ, പ്രിൻസ് മാത്യു, അഡ്വ ആൻ്റണി തെക്കേക്കര , സുനിൽകുമാർ സി തുടങ്ങിയവർ സംസാരിച്ചു. അറുനൂറോളം പേർ പേർ നിക്ഷേപക സംഗമത്തിൽ പങ്കെടുത്തതായി ആക്ഷൻ കമ്മിറ്റി അറിയിച്ചു .















