ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ക്രമവിരുദ്ധമായ ലോണുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ മാനേജർമാരിൽ നിന്നും വിവരങ്ങൾ നേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ;ഫൊറൻസിക് ഓഡിറ്റ് നടക്കുന്നത് ആറ് ലോൺ ഫയലുകൾ കേന്ദ്രീകരിച്ച്
ഇരിങ്ങാലക്കുട : ക്രമവിരുദ്ധമായ ലോണുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ജനറൽ മാനേജർ ഉൾപ്പെടെയുള്ള എട്ടോളം മാനേജർമാരിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിവരങ്ങൾ തേടി. വസ്തുക്കളുടെ മൂല്യം കൃത്യമായി നിർണ്ണയിക്കാതെ കോടികൾ വായ്പകൾ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവിധ ശാഖകളിൽ നിന്നും വിരമിച്ച മാനേജർമാരെ വിളിച്ച് വരുത്തി ആർബിഐ ചുമതലപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി വിവരങ്ങൾ തേടിയത്. എന്നാൽ ബാങ്കിൻ്റെ പിരിച്ച് വിടപ്പെട്ട ഭരണ നേതൃത്വത്തിൻ്റെയും ഭരണ സമിതിയുടെയും നിർദ്ദേശങ്ങൾക്ക് വഴങ്ങിയാണ് വൻതുകകൾ ലോണായി അനുവദിച്ചതെന്ന് ഇവരിൽ ചിലർ വ്യക്തമാക്കിയതായിട്ടാണ് സൂചന. ചർച്ചക്കിടയിൽ ഒരു റിട്ട മാനേജരുമായി വാക്കേറ്റം ഉണ്ടായതായും വ്യക്തമായിട്ടുണ്ട്. കുടിശ്ശികകൾ പിരിച്ചെടുക്കാൻ മുൻ മാനേജർമാരുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് . അതേ സമയം ബാങ്കിൽ ഫൊറൻസിക് ഓഡിറ്റ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശികൾ ഉൾ പ്പെടെയുള്ളവർക്ക് അനുവദിച്ച ആറ് ലോൺ ഫയലുകളെ കേന്ദ്രീകരിച്ചാണ് ഫൊറൻസിക് ഓഡിറ്റ് നടക്കുന്നത് . നടപടികളെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് വിരമിച്ച ചില മാനേജർമാർ ഹൈക്കോടതി അഭിഭാഷകരുമായി ബന്ധപെട്ട് കഴിഞ്ഞതായും വ്യക്തമായിട്ടുണ്ട്.
അതേ സമയം ബാങ്കിൻ്റെ പ്രവർത്തന പരിധിയായ തൃശ്ശൂർ ജില്ലയ്ക്ക് പുറത്തുള്ള സ്ഥലങ്ങളും വസ്തുക്കളും ഈട് വച്ച് കോടികൾ വായ്പ നൽകിയതിൻ്റെ കണക്കുകളും പുറത്ത് വന്നു. മെയിൻ ബ്രാഞ്ച്, ആളൂർ , കാട്ടൂർ, കൊരട്ടി , അന്നമനട ബ്രാഞ്ചുകളിൽ നിന്നായി കോട്ടയം, മലപ്പുറം , പാലക്കാട് , കണ്ണൂർ, എറണാകുളം ജില്ലകളിലെ സ്ഥലങ്ങൾ ഈട് വച്ച് 24 കോടിയോളം രൂപയാണ് വായ്പ നൽകിയിരിക്കുന്നത്.















