ലഹരിക്കെതിരായ പോരാട്ടത്തിന് ശക്തിപകർന്ന് കേരള പോലീസ് സ്പോർട്സ് മാരത്തോൺ
ഇരിങ്ങാലക്കുട : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സെപ്റ്റംബർ 5 മുതൽ 8 വരെ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കേരള പോലീസ് സ്പോർട്സ് മാരത്തോണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട സബ് ഡിവിഷനിൽ മെഗാ ടോർച്ച് മാരത്തോൺ. ഇരിങ്ങാലക്കുട ഠാണാവിൽ നിന്ന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ സംഘടിപ്പിച്ച മെഗാ ടോർച്ച് മാരത്തോൺ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് മെഗാ ടോർച്ച് മാരത്തോണിന്റെ ദീപശിഖ കൈമാറി.
ഡിവൈ.എസ്.പി മാരായ ഷാജി എം.കെ, എസ് പ്രദീപ് ,ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി സി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർ, ക്രൈസ്റ്റ് കോളേജിലെയും സെന്റ് ജോസഫ് കോളേജിലെയും വിദ്യാർത്ഥികൾ എന്നിവർ മെഗാ ടോർച്ച് മാരത്തോണിൽ പങ്കെടുത്തു.















