മകളുടെ ഉപരിപഠനത്തിനായി കരുവന്നൂർ ബാങ്ക് അധികൃതരുടെ കാരുണ്യം തേടിയും സമരം ചെയ്തും കുടുംബം

മകളുടെ ഉപരിപഠനത്തിനായി കരുവന്നൂർ ബാങ്ക് അധികൃതരുടെ കാരുണ്യത്തിനായി യാചിച്ചും സമരം ചെയ്തും കുടുംബം

ഇരിങ്ങാലക്കുട : മകളുടെ ഉപരിപഠനത്തിനായി കരുവന്നൂർ ബാങ്ക് അധികൃതരുടെ കാരുണ്യത്തിനായി യാചിച്ചും സമരം ചെയ്തും കുടുംബം. റിട്ടയർമെൻ്റ് ആനൂകൂല്യമായി ലഭിച്ച 30 ലക്ഷത്തോളം രൂപ സിപിഎം വർഷങ്ങളായി നേതൃത്വം നൽകുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച മാടായിക്കോണം കാക്കനാട് വീട്ടിൽ ഉണ്ണികൃഷ്ണനും കുടുംബവുമാണ് നീതി തേടി ബാങ്കിൻ്റെ പടിക്കൽ സമരവുമായി എത്തിയത്. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ, ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവ ടങ്ങളിൽ നിന്നായി എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മകൾ ആദിത്യ കർണാടക ബെല്ലാരിയിലെ വിജയനഗർ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നും എംബിബിഎസ് പഠനവും പൂർത്തിയാക്കി പി ജി പഠനത്തിന് ഒരുങ്ങുകയാണ്. കോഴിക്കോട് ആറ് മാസത്തെ എൻട്രൻസ് കോച്ചിംഗിനായി ഫീസ് അടക്കം ലക്ഷങ്ങളുടെ ചിലവുണ്ട്. ചിലവ് മുന്നിൽ കണ്ട് ഈ വർഷം ജൂണിൽ പത്ത് ലക്ഷം രൂപ ചോദിച്ചിരുന്നതായും ആറ് മാസത്തിനുള്ളിൽ ശരിയാക്കാമെന്ന് ഭരണസമിതി പറഞ്ഞിരുന്നതായും എന്നാൽ പതിനായിരം രൂപ മാത്രമാണ് ലഭിച്ചതെന്നും ഉണ്ണികൃഷ്ണൻ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. സ്ഥിര ജീവനക്കാർ അടക്കം ഇരുപതോളം പേർക്കായി ശമ്പളയിനത്തിൽ ലക്ഷങ്ങളാണ് ബാങ്ക് ചിലവഴിക്കുന്നത്. മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, എംഎൽഎ, എആർ എന്നിവർക്കും പരാതികൾ നൽകിയിട്ടുണ്ട്. പണം ലഭിക്കുന്നത് വരെ സമരം തുടരുമെന്നും കുടുംബം അറിയിച്ചു.

Please follow and like us: