ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് നടന്ന ഓണാഘോഷം; പ്രതിഷേധ ഫുട്ബോളുമായി യുവമോർച്ച; മൈതാനത്തിൻ്റെ ഉപയോഗം സംബന്ധിച്ച് നിയമാവലിക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്
ഇരിങ്ങാലക്കുട : ഐസിഎൽ ഫിൻകോർപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടിയെ തുടർന്ന് നഗരസഭ മൈതാനം അലങ്കാലമായതിൽ പ്രതിഷേധവുമായി സംഘടനകൾ. മൈതാനത്ത് നടത്തിയ അവാർഡ് ഷോയ്ക്ക് വേണ്ടി നിർമ്മിച്ച സ്‌റ്റേജിനും പന്തലിനും വേണ്ടി മൈതാനത്ത് കൂറ്റൻ വണ്ടികൾ ഇറക്കിയതിനും പരിപാടിയെ തുടർന്ന് മൈതാനം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമായി മാറിയതിനെ ചൊല്ലിയുമാണ് വിമർശനങ്ങൾ . നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ഗോൾ പോസ്റ്റ് തകർന്നതായും കായികപ്രേമികൾ ചൂണ്ടിക്കാണിക്കുന്നു. മൈതാനത്തിൻ്റെ അവസ്ഥയ്ക്കെതിരെ പ്രതിഷേധ ഫുട്ബോൾ കളിച്ച് കൊണ്ട് യുവമോർച്ച രംഗത്ത് വന്നു. മൈതാനം പൂർവസ്ഥിതിയിലാക്കാൻ നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് സുഖിൻ പടിയൂർ അധ്യക്ഷത വഹിച്ചു
കൗൺസിലിൻ്റെ അംഗീകാരമില്ലാതെയാണ് മൈതാനം പരിപാടിയ്ക്ക് വിട്ടു നൽകിയതെന്നും മൈതാനം കേടാകുമെന്ന് പറഞ്ഞ് ചില സംഘടനകൾക്ക് മൈതാനം നൽകാതിരുന്ന നഗരസഭ അധികൃതർ ഇത് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടാക്കണമെന്നും സ്ഥലം സന്ദർശിച്ച എൽഡിഎഫ് കൗൺസിലർമാരായ പി വി ശിവകുമാർ, കെ എസ് പ്രസാദ്, ലേഖ ഷാജൻ , നന്ദുലാൽ എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എൽഡിഎഫ് നഗരസഭ അധികൃതർക്ക് രേഖാമൂലം പരാതി നൽകി.
അതേ സമയം നിർമ്മാണ സാമഗ്രികൾ നീക്കം ചെയ്യുന്നതോടെ മൈതാനം പൂർവസ്ഥിതിയിലാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും പരിപാടിയുടെ അടുത്ത ദിവസം തന്നെ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിരുന്നതായും ഐസിഎൽ അധികൃതർ അറിയിച്ചു.















