ഇരിങ്ങാലക്കുട പട്ടണത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോം സ്‌റ്റേകൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

ഇരിങ്ങാലക്കുട പട്ടണത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോം സ്‌റ്റേകൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം; നിയമപരമായ പരിമിതികൾ ഉണ്ടെന്നും ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്താമെന്നും നഗരസഭ ചെയർമാൻ

ഇരിങ്ങാലക്കുട : പട്ടണത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം . വ്യാപകമായ പരാതികളാണ് ഇവയ്ക്കെതിരെ ഉയർന്നിട്ടുള്ളതെന്നും ഇവ കേന്ദ്രീകരിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ക്രൈസ്റ്റ് കോളേജിൻ്റെ 400 മീറ്റർ പരിധിയിൽ മാത്രം പതിനഞ്ച് ഹോസ്റ്റലുകളാണ് പ്രവർത്തിക്കുന്നതെന്നും നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളായ പി വി ശിവകുമാർ, ടി കെ ഷാജു, സി സി ഷിബിൻ എന്നിവർ ചൂണ്ടിക്കാട്ടി. ഇവയുടെ പ്രവർത്തനം നിയമവിധേയമാക്കിയാൽ നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.പട്ടണത്തിൽ ഉയർന്ന് വന്നിട്ടുള്ള പുതിയ പ്രശ്നമായി ഇവ മാറിക്കഴിഞ്ഞതായും എന്നാൽ നിയമപരമായി ഇടപെടാൻ പരിമിതികളുണ്ടെന്നും ടൂറിസം പ്രോൽസാഹിപ്പിക്കാൻ കഴിഞ്ഞ സർക്കാർ ഹോം സ്റ്റേകളുടെ ലൈസെൻസ് വ്യവസ്ഥകളിൽ ഇളവ് വരുത്തിയെന്നും ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും നഗരസഭ ചെയർമാൻ മറുപടിയായി പറഞ്ഞു. വീടുകൾ വാടകയ്ക്ക് എടുത്ത് വൻ തുകയാണ് എജൻ്റുമാർ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കി കൊണ്ടിരിക്കുന്നതെന്നും പലയിടത്തും വാർഡൻമാർ ഇല്ലെന്നും ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്താമെന്നും എങ്ങനെ വിഷയത്തെ നേരിടാമെന്ന് നോക്കാമെന്നും ചെയർമാൻ അറിയിച്ചു .

കരാറുകാർ നിർമ്മാണ പ്രവർത്തനങ്ങൾ എറ്റെടുക്കാത്ത സാഹചര്യങ്ങൾ തുടരുകയാണെന്നും ഉൽസവ സീസണ് മുമ്പായി റോഡ് നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതുണ്ടെന്നും ടി കെ ഷാജു പറഞ്ഞു. എന്നാൽ ടാറിൻ്റെ വില പുനർ നിർണ്ണയിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നിട്ടില്ലെന്നും ദേശീയ പാതകളിൽ വരെ കോൺക്രീറ്റ് പ്രവ്യത്തികൾ മാത്രമാണ് നടക്കുന്നതെന്നും ചെയർമാൻ മറുപടി നൽകി.ബൈപ്പാസ് റോഡ് നവീകരണ പ്രവൃത്തി ഡിസംബർ 31 നകം പൂർത്തീകരിക്കാമെന്നാണ് കരാറുകാരൻ അറിയിച്ചിട്ടുള്ളതെന്നും അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തി 2000 ത്തിൽ അധികം കുടിവെള്ളകണക്ഷനുകൾ നൽകി കഴിഞ്ഞതായും ചെയർമാൻ അറിയിച്ചു.

യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.

Please follow and like us: