കഥകളി സംഗീതോത്സവം സമാപിച്ചു ; ‘വെങ്കലനാദ’ത്തിന്റെ സ്മരണ പുതുക്കി സംഗീതസദസ്സുകൾ
ഇരിങ്ങാലക്കുട: കഥകളിഗായകൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ 39-ാമത് അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ക്രൈസ്റ്റ് കോളേജ് ഐ.കെ.എസ്. സെല്ലിൻ്റെ സഹകരണത്തോടെ ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണസമിതിയും, ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കഥകളി സംഗീതോൽസവം ശ്രദ്ധേയമായി. പുഷ്പാർച്ചന, ഡോ എം എസ് പരമേശ്വരൻ്റെ സ്മാരക പ്രഭാഷണം, കലാനിലയം ഉണ്ണിക്കൃഷ്ണൻ, കോട്ടക്കൽ നാരായണൻ, പത്തിയൂർ ശങ്കരൻകുട്ടി, കോട്ടക്കൽ മധു, കലാനിലയം രാജീവൻ, ജിഷ്ണു ഒരുപുലാശ്ശേരി, ശ്രീദേവൻ ചെറുമിറ്റം എന്നിവർ പങ്കെടുത്ത സംഗീതാർച്ചന , കലാനിലയം അഖിൽ (ചെണ്ട), കലാനിലയം മണികണ്ഠൻ (മദ്ദളം), ഡോക്ടർ മൂർക്കനാട് ദിനേശൻ (ഇടയ്ക്ക) എന്നിവരുടെ പക്കമേളം,
കലാമണ്ഡലത്തിലെ കഥകളിസംഗീതവിഭാഗം കലാകാരന്മാർ അവതരിപ്പിച്ച നവരത്നപദമാലിക, ബാംഗ്ലൂർ ചൈത്ര എച്ച്. ജിയുടെ നേത്യത്വത്തിൽ ഹിന്ദുസ്ഥാനി സംഗീത സദസ്സ് , പണ്ഡിറ്റ് ഗോപിനാഥ് എച്ച്. എസ്. (തബല), പണ്ഡിറ്റ് ജയപ്രകാശ് (ഹാർമോണിയം) എന്നിവരുടെ പക്കമേളം , കഥകളി സംഗീതാർച്ചന,
‘ബാലിവധം’ കഥകളി എന്നിവയായിരുന്നു പ്രധാന പരിപാടികൾ. കലാകാരന്മാരായ കലാമണ്ഡലം മനോജ്‌കുമാർ (രാവണൻ), കലാമണ്ഡലം ആഷിക് (അകമ്പൻ/മാരീചൻ), സുജ കൊറ്റിവട്ടം (മണ്ഡോദരി) എന്നിവർ വേഷമിട്ടു. നെടുമ്പള്ളി രാംമോഹൻ, ശ്രീദേവൻ ചെറുമിറ്റം എന്നിവർ സംഗീതവും, കലാമണ്ഡലം സുധീഷ് (ചെണ്ട), കലാമണ്ഡലം വൈശാഖ് (മദ്ദളം) എന്നിവർ മേളവും നിർവ്വഹിച്ചു. കലാമണ്ഡലം ശ്രീജിത്ത് (ചുട്ടി), നെടുമുടി മധുസൂദനപ്പണിക്കർ, ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ് എന്നിവർ പിന്നണിയിൽ അണിനിരന്നു.















