വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വണ്ടി മാറ്റി വയ്ക്കാൻ പറഞ്ഞ ഗൃഹനാഥന് ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളിൽ നിന്നും മർദ്ദനമേറ്റു; അഞ്ച് വിദ്യാർഥികൾക്കെതിരെ പോലീസ് കേസ്സെടുത്തു; കോളേജ് പരിസരത്തുള്ള ഹോസ്റ്റലുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും നിയമവിധേയമാക്കണമെന്നും ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ
ഇരിങ്ങാലക്കുട : വീടിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മാറ്റി വയ്ക്കാൻ പറഞ്ഞതിൻ്റെ വൈരാഗ്യത്തിൽ ഗൃഹനാഥന് കോളേജ് വിദ്യാർഥികളിൽ നിന്നും മർദ്ദനമേറ്റു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ അടുത്ത് ഹിൽ വാലി റോഡിൽ അക്കരക്കാരൻ വീട്ടിൽ വിജു വർഗ്ഗീസിനെയാണ് (57) ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള അഞ്ചംഗ സംഘം മർദ്ദിച്ചത്. ഒക്ടോബർ 6 ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം . റോഡിൽ ദീർഘനേരമായി നില്ക്കുന്നത് കണ്ട വിദ്യാർഥിയോട് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിക്കുകയും തർക്കത്തിലാവുകയും തുടർന്ന് മടങ്ങിയ വിദ്യാർഥി മറ്റ് നാല് പേരെയും കൊണ്ട് വന്ന് ഒരു ഉപകരണം കൊണ്ട് ഇടത് കണ്ണിനും പുറത്തും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് വിജു വർഗ്ഗീസ് പറഞ്ഞു. ഹിൽവാലി റോഡിൽ മാത്രം അഞ്ച് ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് കുട്ടികളെ കൊണ്ട് പോകാൻ അസമയത്തും വിദ്യാർഥികൾ വന്ന് പോകുന്നത് പരിസര വാസികൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി വീട്ടിലേക്ക് മടങ്ങിയ വിജു വർഗ്ഗീസ് പറഞ്ഞു. പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് കണ്ടാൽ അറിയാവുന്ന അഞ്ച് വിദ്യാർഥികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതികൾ മാള പുത്തൻചിറ സ്വദേശികൾ ആണെന്നാണ് സൂചന. ഹോസ്റ്റലുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും നിയമപരമാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം, പോലീസ്, നഗരസഭ എന്നിവയ്ക്ക് പരാതി നൽകുമെന്ന് ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ അറിയിച്ചു. അസോസിയേഷൻ്റെ പരിധിയിൽ മാത്രം 12 ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പലയിടത്തും വാർഡൻമാർ പോലുമില്ലെന്നും ചില ഹോസ്റ്റലുകൾക്ക് മതിൽക്കെട്ട് പോലുമില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്.















