ചാത്തൻമാസ്റ്ററെ എറ്റെടുക്കാനുള്ള സംഘ്പരിവാർ ശ്രമത്തെ പൊതുസമൂഹം തള്ളിക്കളയണമെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ എതിരിടാൻ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പിന്നാക്കവിഭാഗങ്ങളെ പ്രതിനിധീകരിച്ചവരെ എറ്റെടുക്കാനാണ് ശ്രമമെന്നും കുട്ടംകുളം സമരഭൂമിയിൽ തന്നെ കുട്ടംകുളം സമരസ്മാരകം നിർമ്മിക്കണമെന്നും മുൻമന്ത്രി ഡോ ആർ ബിന്ദു
ഇരിങ്ങാലക്കുട : ന്യൂനപക്ഷവിഭാഗങ്ങളെ എതിരിടാൻ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിച്ച പി കെ ചാത്തൻ മാസ്റ്റർ അടക്കമുള്ളവരെ എറ്റെടുക്കാനുള്ള സംഘ് പരിവാർ ശ്രമം തള്ളിക്കളയണമെന്ന് മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ ആർ ബിന്ദു . സ്മൃതി കുടീരത്തിൽ നിന്നും വരാൻ കഴിഞ്ഞിരുന്നുവെങ്കിൽ ചാത്തൻമാസ്റ്റർ ഇക്കൂട്ടരുടെ തലമണ്ട അടിച്ച് പൊളിക്കുമായിരുന്നു. ദേശീയ സമരത്തെ പുറകിൽ നിന്ന് കുത്തിയവരും ബ്രിട്ടീഷ് സാമ്രാജത്വത്തോട് മാപ്പ് പറഞ്ഞവരും ഫ്യൂഡൽ മൂല്യങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ് ചാത്തൻമാസ്റ്ററെ എറ്റെടുക്കാൻ വരുന്നതെന്നുള്ളത് ഏറ്റവും ലജ്ജാകരമായ വസ്തുതയാണ് . അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച വ്യക്തിയാണ് സുരേഷ് ഗോപി എം പി . കുട്ടംകുളം സ്മാരകനിർമ്മാണത്തെ എതിർത്തവരാണ് ബിജെപി യും ആർഎസ്എസും. കുട്ടംകുളം സമരഭൂമിയിൽ സ്മാരകം വേണമെന്നുള്ളതാണ് സിപിഎം നിലപാട്. കഴിഞ്ഞ ബഡ്ജറ്റിൽ ചാത്തൻ മാസ്റ്ററുടെ പേരിൽ മൂന്ന് കോടി രൂപയുടെ ആധുനിക ലൈബ്രറിയും സാമൂഹ്യശാസ്ത്ര പഠന ഗവേഷണ കേന്ദ്രവും പ്രഖ്യാപിച്ചിട്ടുള്ളതാണ്. പ്രസ്തുത പദ്ധതി ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മുൻമന്ത്രി ആവശ്യപ്പെട്ടു. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, വി എ മനോജ് കുമാർ, ആർ എൽ ശ്രീലാൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















