നിവേദനം നൽകാൻ എത്തിയ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരെ പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷം; നവംബർ 25 നുള്ളിൽ നിവേദനത്തിന് മറുപടി നൽകാമെന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഉറപ്പിൽ റിലേ നിരാഹാര സമരം താത്കാലികമായി നിറുത്തി വച്ചു
ഇരിങ്ങാലക്കുട : നിക്ഷേപകർക്ക് ഇടക്കാലാശ്വാസമായി പണം നൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ നവംബർ 25 ന് മറുപടി നൽകാമെന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഉറപ്പിൽ നിക്ഷേപകർ നടത്തിയ റിലേ നിരാഹാര സമരം താത്കാലികമായി ഉച്ചയോടെ അവസാനിപ്പിച്ചു. നേരത്തെ നിവേദനം നൽകാൻ മുൻ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ സമരക്കാർ ബാങ്കിൻ്റെ ഉള്ളിൽ കയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞതും ബാങ്കിൻ്റെ വാതിലുകൾ അടച്ചതും സംഘർഷത്തിന് ഇടയാക്കി. തുടർന്ന് ഡിവൈഎസ്പി മുൻ മന്ത്രി ഡോ ആർ ബിന്ദുവും സമരക്കാരുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പതിനഞ്ച് പേരെ അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. നിക്ഷേപകരുടെ ആവശ്യങ്ങൾ ആർബിഐ അധികൃതരെ നേരിട്ട് കണ്ട് ധരിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ ഉറപ്പിൽ മൂന്ന് ദിവസത്തേക്ക് നടത്താനിരുന്ന റിലേ നിരാഹാര സമരം തത്കാലത്തേക്ക് നിറുത്തി വയ്ക്കുകയാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമായി പുനരാരംഭിക്കുമെന്നും നിക്ഷേപകകൂട്ടായ്മ അറിയിച്ചു.















