കാട്ടൂർ പൊഞ്ഞനത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു

കാട്ടൂർ പൊഞ്ഞനത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായ പരിക്കേറ്റു; സ്ഫോടനത്തിൽ അടുക്കള ഭാഗവും വീടിൻ്റെ ജനൽച്ചില്ലുകളും വാതിലുകളും ടൈലുകളും തകർന്നു

 

ഇരിങ്ങാലക്കുട : കാട്ടൂർ പൊഞ്ഞനത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായ പരിക്കേറ്റു. പഞ്ചായത്ത് അഞ്ചാം വാർഡിൽ പൊഞ്ഞനം പുതുക്കുളത്തിന് അടുത്ത് തെക്കുംപുറം വീട്ടിൽ ഷൈനിൻ്റെ ഭാര്യ അബിതയ്ക്കാണ് ( 43 ) പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. ചൊവ്വൂർ മരക്കമ്പനിയിൽ ഡ്രൈവറായി പ്രവർത്തിക്കുന്ന ഭർത്താവ് ഷൈൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അബിത അടുക്കളയ്ക്ക് അടുത്തുള്ള കിടപ്പുമുറിയിൽ പായയിലും മക്കളായ ആർദ്ര , ശിവേന്ദ്ര , പാർത്ഥിവ് എന്നിവർ കട്ടിലിലും കിടന്ന് ഉറങ്ങുകയായിരുന്നു. അടുക്കളയിലെ വിറക് അടുപ്പിൽ വെള്ളം ചൂടാക്കാൻ വച്ചിരുന്നു. വിറക് കൊള്ളിയിൽ നിന്നുള്ള തീ താഴേക്ക് വീണ് അടുത്ത് വച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്ന് വിവരം തുടർന്ന് സ്ഥലത്ത് എത്തിയ അഗ്‌നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. സ്ഫോടനത്തിൽ അടുക്കള ഭാഗം പൂർണ്ണമായും തകർന്നു . മറ്റ് മുറികളിലെ ജനൽ ചില്ലുകളും വാതിലുകളും ടൈലുകളും തകർന്നിട്ടുണ്ട് . ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ടീം ഓഫീസർ എം എൻ ഷിജുവിൻ്റെ നേതൃത്വത്തിൽ ആറംഗ സംഘം ഒരു മണിക്കൂറോളം സ്ഥലത്ത് ഉണ്ടായിരുന്നു.

Please follow and like us: