ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരുടെ സമരം അരങ്ങേറുന്നതിനിടെ സഹകരണ വാരാഘോഷവും; സമരങ്ങൾ തന്നെ ബാധിച്ചില്ലെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ ഇരിങ്ങാലക്കുട നഗരസഭ ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞെന്നും നഗരസഭ ചെയർമാൻ എം പി ജാക്സൻ; സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് ഇടിവ് സംഭവിച്ചതായി മന്ത്രി ഒ ജെ ജനീഷ്
ഇരിങ്ങാലക്കുട : ടൗൺ സഹകരണ ബാങ്ക് അങ്കണത്തിൽ നിക്ഷേപകരുടെ നിരാഹാരസമരം. ടൗൺ ഹാളിൽ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ സഹകരണ വാരാഘോഷം. പട്ടണം തിങ്കളാഴ്ച രാവിലെ സാക്ഷിയായത് സഹകരണ മേഖലയുടെ വ്യത്യസ്ത മുഖങ്ങൾക്ക് . ആർബിഐ യുടെ സഹകരണ സ്ഥാപനത്തിൽ പണം നിക്ഷേപിച്ച് നഷ്ടപ്പെട്ടവർ തീരാത്ത ആശങ്കകളുമായി ടൗൺ ബാങ്ക് അങ്കണത്തിൽ തുടരുമ്പോൾ , ടൗൺ ഹാളിൽ മുഴങ്ങിയത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗങ്ങൾ.
തനിക്ക് എതിരെ ടൗൺ ബാങ്കിൻ്റെ മുമ്പിൽ പ്രധാന രാഷ്ട്രീയ കക്ഷികൾ സമരങ്ങൾ നടത്തിയിട്ടും വ്യക്തമായ ഭൂരിപക്ഷത്തോടെ ഇരിങ്ങാലക്കുട നഗരസഭ ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞത് ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം കൊണ്ടാണെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർമാനും ടൗൺ ബാങ്ക് ഭരണം ദീർഘകാലം കയ്യാളുകയും ചെയ്ത എം പി ജാക്സൻ ചൂണ്ടിക്കാട്ടി. ബാങ്കിൻ്റെ കഴിഞ്ഞ അഞ്ച് ഭരണസമിതി തിരഞ്ഞെടുപ്പുകളിലും തനിക്ക് എതിരെ മൽസരിക്കാൻ എതിരാളി ഉണ്ടായിരുന്നില്ല. നാല്പത് സഹകരണ വാരാഘോഷ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കുറെകൂടി ജാഗ്രതയോടെ പ്രവർത്തിക്കാൻ സഹകരണ മേഖല തയ്യാറാകണമെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത നഗരസഭ ചെയർമാൻ പറഞ്ഞു.
സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ജനകീയ ബദലാണ് സഹകരണ മേഖലയെന്നും എന്നാൽ സമീപക്കാലത്ത് മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ടെന്നും തൃശ്ശൂർ ജില്ലയിലാണ് കൂടുതൽ സാമ്പത്തിക തട്ടിപ്പുകൾ നടന്നിട്ടുള്ളതെന്നും സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജെനീഷ് പറഞ്ഞു. കാര്യക്ഷമമായി മേഖലയെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയണമെന്ന് പറഞ്ഞ മന്ത്രി ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരുടെ വിഷയം സ്പർശിച്ചില്ല.
ചടങ്ങിൽ യൂണിയൻ ചെയർമാൻ ടി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ , അസി രജിസ്ട്രാർ ബിജു ഡി കുറ്റിക്കാട്ട്, യൂണിയൻ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.















