ഇരിങ്ങാലക്കുട കെഎസ്ആർടി സെൻ്ററിൽ നിന്നും രണ്ട് പ്രിയദർശിനി സർവീസുകൾ കൂടി; എംഎൽഎ ഫണ്ടിൽ നിന്നും ഒരു ബസ്സ് അനുവദിക്കുമെന്നും സബ് ഡിപ്പോ ആക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നുള്ള പ്രിയദർശിനി സർവീസുകളുടെ എണ്ണം പത്തായി. മതിലകത്ത് നിന്നും ഇരിങ്ങാലക്കുടയിൽ നിന്നും നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ കടന്ന് ചാലക്കുടിയിലേക്കും തൃശ്ശൂരിലേക്കും രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമായി രണ്ട് സർവീസുകൾ ആരംഭിച്ചതോടെയാണിത്. ഇതോടെ ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നുള്ള സർവീസുകളുടെ എണ്ണം 19 ആയതായും എംഎൽഎ ഫണ്ട് ചിലവഴിച്ച് ഒരു ബസ്സ് കൂടി യാഥാർഥ്യമാക്കുമെന്നും സബ്- ഡിപ്പോ പദവി നേടാനുള്ള ശ്രമങ്ങൾ തുടരുമെന്നും ബസ്സുകളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ച് കൊണ്ട് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ അറിയിച്ചു .
നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ബിന്ദു വിനയൻ, മാഗി വിൻസെന്റ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ജോസ് മൂഞ്ഞേലി, പി ബി മനോജ്‌കുമാർ, കെ എൽ ജോസ് എന്നിവർ സംസാരിച്ചു . ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ ജെ സുനിൽ സ്വാഗതവും സേതുമാധവൻ പറയംവളപ്പിൽ നന്ദിയും പറഞ്ഞു.















