കൂടിയാട്ടം കേന്ദ്രയുടെ ഡയറക്ടറായി ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ നിയമിതനായി
തൃശ്ശൂർ: കേന്ദ്ര സാംസ്കാരികവകുപ്പ് സംഗീത നാടക അക്കാദമിയുടെ കീഴിലുള്ള കൂടിയാട്ടം കേന്ദ്രയുടെ പുതിയ പ്രൊജക്ട് ഡയറക്ടറായി കൂടിയാട്ട കലാകാരൻ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ നിയമിതനായി. ഭാരത സർക്കാരിന്റെ കീഴിൽ കൂടിയാട്ടത്തെ സംരക്ഷിയ്ക്കാൻ ഏക സ്ഥാപനമാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കൂടിയാട്ടം കേന്ദ്ര . ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ കൂടിയാട്ട അനുഷ്ഠാനത്തിന്റെ അവകാശികളായ അമ്മന്നൂർ ചാക്യാർ കുടുംബത്തിലെ അംഗവും കൂടിയാട്ട കുലപതി പത്മഭൂഷൻ ഡോക്ടർ അമന്നൂർ മാധവ ചാക്യാരുടെയും അമ്മന്നൂർ കുട്ടൻചാക്യാരുടെയും അനന്തരവനും ശിഷ്യനും ആയ രജനീഷ് കൂടിയാട്ടത്തിൽ പുരുഷ വേഷത്തിൽ കേരള കലാമണ്ഡലത്തിൽ നിന്ന് ആദ്യ ഗവേഷണബിരുദം നേടിയ കലാകാരൻ കൂടിയാണ്. ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിലെ ഗസ്റ്റ് അധ്യാപികയായ ഡോ ഭദ്ര പി കെ എം ഭാര്യയും ശതാനീക്, സുധൻവ്യ എന്നിവർ മക്കളുമാണ്.















