പുല്ലൂർ മിഷൻ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാർഡിയാക് കെയർസെൻ്റർ ആരംഭിക്കുന്നു
ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാർഡിയാക് സെൻ്ററും ഇൻ പേഷ്യൻ്റ് റീഹാബിലിറ്റേഷൻ സെൻ്ററും പ്രവർത്തനം ആരംഭിക്കുന്നു. മെയ് 19 ന് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വെഞ്ചിരിപ്പ് കർമ്മവും നിയുക്ത എംഎൽഎ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനവും നിർവഹിക്കുമെന്ന് ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സിഎസ്എസ് പത്ര സമ്മേളനത്തിൽ അറിയിച്ചു. ലൈഫ് കെയർ കാർഡിയാക് സെൻ്ററുമായി സഹകരിച്ചാണ് കാത്ത് ലാബും കാർഡിയാക് കെയർ യൂണിറ്റും ഒരുക്കിയിരിക്കുന്നത്. കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നിപ്മറിലെ സ്പൈനൽ കോഡ് ഇഞ്ചുറി റീഹാബിലിറ്റേഷൻ യൂണിറ്റിൻ്റെ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പന്ത്രണ്ട് കിടക്കുകൾ ഉള്ള റീഹാബിലിറ്റേഷൻ യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. ഡയമണ്ട് ജൂബിലിയി ആഘോഷത്തിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് രണ്ടും പദ്ധതികളും നാടിന് സമർപ്പിക്കുന്നത്. നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ വിൻസി സിഎസ്എസ്, മാനേജർ ആൻജോ ജോസ്, കാർഡിയോളജിസ്റ്റ് ഡോ തോമസ് ജോൺ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















