തൃശ്ശൂർ റൂറൽ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റൂറല്‍ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നത്. 2024-2025 സാമ്പത്തിക വര്‍ഷത്തെ സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 6.5 കോടി രൂപ വിനിയോഗിച്ചാണ് 23,896 ചതുരശ്ര അടി വിസ്തീണ്ണത്തില്‍ ജില്ലാ പോലീസ് കാര്യാലയം സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് ബഹുനില മന്ദിരം നിര്‍മ്മിക്കുന്നത്.
റൂറല്‍ പോലീസിന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്നതിനൊപ്പം പോലീസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷേമത്തിനും മുന്‍ഗണന നല്കുന്ന രീതിയിലുള്ളതാണ് കെട്ടിടത്തിന്റെ പ്ലാന്‍. താഴത്തെ നിലയടക്കം നാല് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍, ട്രെയിനിംഗ് സെന്റര്‍, വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് എന്നിവയ്ക്ക് പുറമെ മെസ്സ് ഹാളും, സീനിയര്‍ ഓഫീസര്‍മാര്‍ക്കും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പുരുഷ പോലീസുകാര്‍ക്കും വേണ്ടിയുള്ള പ്രത്യേകം പ്രത്യേകം വിശ്രമമുറികളും മറ്റും ഒരുക്കുന്നുണ്ട്.
ചടങ്ങില്‍ ഡിഐജി ടി. നാരായണന്, തൃശ്ശൂര്‍ റൂറല്‍ പോലീസ് സൂപ്രണ്ട് ബി കൃഷ്ണകുമാര്‍, അഡീഷണല്‍ പോലീസ് സൂപ്രണ്ട് വി.എ. കൃഷ്ണദാസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോഫി ബോസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍, കെ.പി.ഒ.എ സെക്രട്ടറി വി.യു. സില്‍ജോ, കെ.പി.എ സെക്രട്ടറി എം.എല്‍. വിജോഷ് എന്നിവര്‍ സംസാരിച്ചു.















