ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് മുൻ ഭരണ സമിതി അംഗങ്ങളിൽ നിന്ന് ഫൊറൻസിക് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിശദീകരണം തേടിയതായി സൂചന

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ഫൊറൻസിക് ഓഡിറ്റ് സംഘത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബാങ്ക് മുൻ ഭരണ സമിതി അംഗങ്ങളിൽ നിന്നും മുൻ മാനേജർമാരിൽ നിന്നും വിശദീകരണം തേടിയതായി സൂചന

ഇരിങ്ങാലക്കുട : ആർബിഐ യുടെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന ഫൊറൻസിക് ഓഡിറ്റിനെ തുടർന്ന് ബാങ്കിൻ്റെ മുൻ ചെയർമാൻ, ഭരണ സമിതി അംഗങ്ങൾ, മുൻ ജനറൽ മാനേജർ, മാനേജർമാർ എന്നിവരിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിശദീകരണം തേടിയതായി സൂചന. ക്രമക്കേടുകൾ ഉള്ളതായി സംശയം ഉയർന്നതിൻ്റെ അടിസ്ഥാനത്തിൽ ആറ് വായ്പാ ഫയലുകളാണ് ആർബിഐ നിയോഗിച്ച രണ്ടംഗസംഘ ഫൊറൻസിക് ഓഡിറ്റ് ടീം പരിശോധിച്ച് വരുന്നത്. ഇതിൽ മൂന്ന് ഫയലുകളുടെ പരിശോധന പൂർത്തിയാക്കി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കും ആർബിഐ ക്കും റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പകൾ അനുവദിച്ചതിൻ്റെയും കുടിശ്ശിക ഉള്ള ലോണുകൾ വീണ്ടും പുതുക്കി നൽകിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിരിക്കുന്നത് . 2014 മുതൽ അനുവദിച്ചിട്ടുള്ള ലോണുകളിലാണ് ഇപ്പോൾ ഓഡിറ്റിംഗ് നടക്കുന്നത്. ബാങ്കിൻ്റെ കരുവന്നൂർ ബ്രാഞ്ചിൽ നിന്നും അനുവദിച്ച കോടികളുടെ ഒരു ലോൺ ഫയൽ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ആറ് ഫയലുകളുടെയും ഫൊറൻസിക് ഓഡിറ്റിംഗ് പൂർത്തിയായാൽ കൂടുതൽ ഫയലുകൾ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സാധ്യതകളുണ്ട്. അതേ സമയം നിക്ഷേപകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ സഹകരണ ബാങ്കിൽ നടന്ന ഇടപാടുകളിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ശുപാർശ ചെയ്തിട്ടുള്ളതായും സൂചനകളുണ്ട്.

Please follow and like us: