ശ്രീ കൂടൽ മാണിക്യം ക്ഷേത്രോൽസവം; നിസ്സഹകരണത്തിലൂടെ തന്ത്രിമാർ ഭക്തജനങ്ങളെ അവഹേളിക്കുകയാണെന്ന് ദേവസ്വം

ശ്രീകൂടൽമാണിക്യം ക്ഷേത്രോൽസവം; ” നിസ്സഹകരണത്തിലൂടെ തന്ത്രിമാർ ഭക്തജനങ്ങളെ അവഹേളിക്കുകയാണെന്നും കോടതിയലക്ഷ്യമാണെന്നും ദേവസ്വം; വ്യാജ പോസ്‌റ്ററുകൾ സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ദേവസ്വം ഭരണസമിതി

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകളിൽ നിന്നും വിട്ടു നില്ക്കുന്നതിലൂടെ ചില തന്ത്രിമാർ ഭക്തജനങ്ങളെ അവഹേളിക്കുകയാണെന്ന് കൂടൽമാണിക്യം ദേവസ്വം. തന്ത്രി എന്നത് പദവിയും ഉത്തരവാദിത്വവും മാണ്. ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ മുടക്കം വരുത്തുന്നത് നിലവിലെ വ്യവസ്ഥകളുടെ ലംഘനമാണ്. ഭരണപരമായ കാര്യങ്ങളിൽ പൂർണ്ണ അധികാരം ഭരണ സമിതിക്കാണ്. ഇതിൽ ഇടപെടാനും ആചാരങ്ങൾ തടസ്സപ്പെടുത്താനും തന്ത്രിമാർക്ക് അവകാശമില്ല. നിസ്സഹകരണം വഴി ചടങ്ങുകൾ മുടക്കാൻ ശ്രമിക്കുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പത്ര സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി . ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് വഴി നടത്തിയ കഴക നിയമനത്തെ തുടർന്നാണ് തന്ത്രിമാരുടെ നിസ്സഹകരണ സമരം ആരംഭിച്ചത്. ഇത് സംബന്ധിച്ച മൂന്ന് ഹർജികളും ഹൈക്കോടതി തള്ളിയതാണ്. ഈഴവ സമുദായത്തിൽ നിന്നുള്ള ഒരാളെ കഴകമായി നിയമിച്ചതാണോ പ്രശ്നമെങ്കിൽ ഇത് തുറന്ന് പറയാനുള്ള ആർജ്ജവം തന്ത്രിമാർ കാണിക്കണം. ദേവസ്വവുമായി സഹകരിക്കാത്ത തന്ത്രിമാരുടെ ചിത്രങ്ങൾ തിരുവുൽസവ പരിപാടികളുടെ ബുക്കിൽ ഉൾപ്പെടുത്താൻ കഴിയില്ല.

തെക്കേ ഗോപുര നടയുടെ വീതി കൂട്ടുന്നത് പോലീസിൻ്റെ നിർദ്ദേശപ്രകാരം ക്ഷേത്ര നിർമ്മിതി വിദഗ്ധനായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. വെടിപ്പുര നിർമ്മിക്കാതെ കതിന വെടിക്ക് ലൈസൻസ് നൽകില്ലെന്ന അധികൃതരുടെ നിലപാടിനെ തുടർന്ന് ഉണ്ണികൃഷ്ണൻ പഴങ്ങാപ്പറമ്പിൽ നമ്പൂതിരിപ്പാടിൻ്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിർമ്മിക്കുന്നത് . കലശാഭിഷേകത്തിന് ശേഷം ശീവേലി എന്ന മാറ്റത്തിലൂടെ ഭക്തർക്ക് കൂടുതൽ നേരം തൊഴാനും മേളം ആസ്വദിക്കാനും കഴിയും. ശീവേലിക്ക് ശേഷം നടത്താറുള്ള കലശാഭിഷേകം രാവിലെ ഉച്ചപൂജയ്ക്ക് തന്നെയാണ് നടത്തുന്നത്. തന്ത്രിമാരുടെ പേരും പറഞ്ഞും ആചാരങ്ങളിൽ മാറ്റം വരുത്തിയെന്നും പറഞ്ഞും ചില വ്യക്തികൾ ദേവസ്വത്തിനെ തെറ്റായി ചിത്രീകരിക്കാനും അപമാനിക്കാനും വ്യാജ പോസ്റ്ററുകൾ ഇറക്കാനും ശ്രമിക്കുകയാണ്. പേര് വയ്ക്കാതെ ക്ഷേത്ര പരിസരത്ത് പതിച്ചിട്ടുള്ള വ്യാജ പോസ്‌റ്ററുകൾ സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു. ഭരണ സമിതി അംഗങ്ങളായ ഡോ മുരളി ഹരിതം , രാഘവൻ മുളങ്ങാടൻ , അഡ്വ കെ ജി അജയ്കുമാർ , കെ ബിന്ദു, അഡ്മിനിസ്ട്രേറ്റർ ജി എസ് രാധേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: