നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ പോളിംഗിൽ നേരിയ വർധന; പ്രതീക്ഷകളും ആശങ്കകളുമായി മുന്നണികൾ .
ഇരിങ്ങാലക്കുട : പോളിംഗ് കണക്കുകളും വ്യക്തമായതോടെ പ്രതീക്ഷയും ആശങ്കളുമായി പ്രധാന മുന്നണികൾ . 2021 ലെ 76. 83 ശതമാനത്തിൽ നിന്നും 76. 86 ശതമാനമായിട്ടാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ പോളിംഗ് വർധന. നാമമാത്രമായ വർധനവാണ് പോളിംഗ് ശതമാനത്തിൽ ഉണ്ടായിട്ടുളളത് . 2006 ൽ യുഡിഎഫിൽ നിന്നും 7995 വോട്ടിന് അഡ്വ തോമസ് ഉണ്ണിയാടനും 2011 ൽ 12404 വോട്ടിന് വീണ്ടും ഉണ്ണിയാടനും 2016 എൽഡിഎഫിൽ നിന്നും പ്രൊഫ കെ യു അരുണൻ 2711 വോട്ടിനും 2021 ൽ എൽഡിഎഫിൽ നിന്നും 5949 വോട്ടിനുമാണ് ഡോ ആർ ബിന്ദുവും വിജയിച്ചത്.
എൽഡിഎഫ് സർക്കാരിൻ്റെ ഭരണനേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും മണ്ഡലത്തിൽ ഡോ ആർ ബിന്ദു നടത്തിയ സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളും മണ്ഡലം ഇടതുപക്ഷത്ത് തന്നെ ഉറപ്പിച്ച് നിറുത്തുമെന്ന പ്രതീക്ഷയാണ് ഇടത് കേന്ദ്രങ്ങൾ പങ്ക് വയ്ക്കുന്നത്. മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് തിരിച്ചടി നേരിട്ടപ്പോഴും ആറായിരത്തോളം വോട്ടിൻ്റെ ലീഡ് മണ്ഡലത്തിൽ ഇടതുപക്ഷത്തിന് നേടാൻ കഴിഞ്ഞത് ഇടതുകേന്ദ്രങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട് . തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ചിട്ടയായ സംഘട പ്രവർത്തനങ്ങളും 2021 ലെ ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് ഇടതുപക്ഷം ഉറപ്പിക്കുന്നുണ്ട്.
എന്നാൽ ഭരണവിരുദ്ധ വികാരവും മാറ്റം വേണമെന്ന ചിന്തയും ന്യൂനപക്ഷ വോട്ടുകളുടെ എകീകരണവും രണ്ട് തവണകളിലായി നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കാനുള്ള അനുകൂല ഘടകങ്ങളാണെന്നും പതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ തോമസ് ഉണ്ണിയാടൻ വീണ്ടും നിയമസഭയിൽ എത്തുമെന്നും യുഡിഎഫ് ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വോട്ട് വർധന ഇത്തവണ ഉണ്ടാകില്ലെന്നും ഇത് യുഡിഎഫിന് നേട്ടമാകുമെന്ന പ്രതീക്ഷയും യുഡിഎഫ് വച്ച് പുലർത്തുന്നുണ്ട്.
പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൈവരിച്ച നേട്ടം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും മണ്ഡലത്തിൽ അട്ടിമറി വിജയം നേടുമെന്നും എൻഡിഎ വ്യക്തമാക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ ബിജെപി നേടിയ വളർച്ചയും വിവിധ സമുദായങ്ങളിൽ നിന്നും കൂടുതലായി ലഭിക്കുന്ന പിന്തുണയും അനുകൂലഘടകങ്ങളായി എൻഡിഎ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
എൻഡിഎ നേടുന്ന വോട്ടുകൾ വിജയത്തെ നിർണ്ണയിക്കുന്ന പ്രധാന ഘടകമായി മാറുമെന്ന ചിന്ത ഇടത് വലത് കേന്ദ്രങ്ങൾ ഒരു പോലെ പങ്കിടുന്നുണ്ട്. വിശകലനങ്ങളിലെ ശരി തെറ്റുകൾ തിരിച്ചറിയാൻ ഏതാനും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. മെയ് നാലിനാണ് വോട്ടെണ്ണൽ.















