ഇരിങ്ങാലക്കുട നഗരസഭയിലെ ജീവനക്കാരൻ്റെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെയും നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷം; നടപടികൾ വിശദീകരിച്ച് ഭരണനേതൃത്വം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ക്യാഷ്യർ ആയി പ്രവർത്തിച്ചിരുന്ന ജീവനക്കാരൻ ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ നിശിത വിമർശനം. തട്ടിപ്പ് സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ടും സ്വീകരിച്ച നടപടികളും യോഗത്തിൻ്റെ തുടക്കത്തിൽ തന്നെയുള്ള അജണ്ടയുമായി ബന്ധപ്പെട്ട് ചെയർമാൻ വിശദീകരിച്ചപ്പോഴാണ് പട്ടണത്തിന് നാണക്കേട് സമ്മാനിക്കുകയും ജനങ്ങളുടെ നികുതിപ്പണം നഷ്ടപ്പെടുകയും ചെയ്ത വിഷയത്തിൽ വിമർശനങ്ങൾ ഉയർന്നത്. ഭരണ പരാജയത്തിൻ്റെ തെളിവാണ് ഈ തട്ടിപ്പെന്നും ദീർഘകാലമായി ഒരു ജീവനക്കാരന് എങ്ങനെ കാഷ്യറുടെ കസേരയിൽ ഇരിക്കാൻ കഴിഞ്ഞുവെന്നും പഴയ വർഷങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ തട്ടിപ്പ് തുക ഉയരാൻ സാധ്യതയുണ്ടെന്നും ഇൻ്റേണൽ ഓഡിറ്റ് വിഭാഗത്തിനും തട്ടിപ്പ് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നത് ദൂരുഹമാണെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജു പറഞ്ഞു. തട്ടിപ്പ് നടന്ന കാലയളവിലെ സെക്രട്ടറി, റവന്യൂ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും മുൻചെയർമാൻമാർക്കും ഉത്തരവാദിത്വമുണ്ടെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാർ ചൂണ്ടിക്കാട്ടി. നഗരസഭയിൽ തട്ടിപ്പ് നടക്കുന്നതെന്ന് ആദ്യമല്ലെന്നും ഉത്തരവാദികൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും എൽഡിഎഫ് അംഗം കെ എസ് പ്രസാദ് ആവശ്യപ്പെട്ടു. സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭരണസമിതി രാജി വയ്ക്കണമെന്നും മുൻപ് തടിപ്പ് നടത്തിയ ജീവനക്കാരനെ തിരിച്ച് എടുക്കുന്നതിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായിരുന്നുവെന്നും എൽഡിഎഫ് അംഗം സി സി ഷിബിൻ ആരോപിച്ചു. തട്ടിപ്പ് നടത്തിയ ജീവനക്കാരൻ പ്രദീപൻ എത് യൂണിയനിൽ ഉൾപ്പെടുന്ന ജീവനക്കാരനാണെന്ന് അന്വേഷിക്കണമെന്ന് ടി കെ ഷാജു തുടർന്ന് ആവശ്യപ്പെട്ടു. വളരെ ലാഘവത്തോടെയാണ് ചെയർമാൻ വിഷയത്തെ സമീപിക്കുന്നതെന്നും ജീവനക്കാരൻ്റെ യൂണിയൻ അന്വേഷിക്കുന്നത് പാപ്പരത്തമാണെന്നും മുൻ സെക്രട്ടറിയെയും അന്വേഷണത്തിൻ്റെ ഭാഗമാക്കണമെന്നും വിഷയം ആദ്യം ഒത്ത് തീർപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നതായും എൽഡിഎഫ് അംഗം വിഷ്ണു പ്രഭാകരൻ പറഞ്ഞു. എന്നാൽ വിഷയത്തിൽ ക്യത്യമായ നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്നും വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോവിന് തന്നെ പരാതി നൽകിയിട്ടുണ്ടെന്നും പോലീസ് നടപടി സ്വീകരിക്കാത്തതിൻ്റെ കാരണം വ്യക്തമല്ലെന്നും പ്രതി ഒളിവിലാണോ എന്ന് അറിയില്ലെന്നും മുൻ സെക്രട്ടറിക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും ചെയർമാൻ വിശദീകരിച്ചു.
ഓഡിറ്റ് പരാമർശങ്ങൾ വന്ന സാഹചര്യത്തിൽ വാർഡുകളിൽ നിന്നും വയോജനങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള വിനോദയാത്രയ്ക്ക് പ്ലാൻ ഫണ്ടിൽ നിന്നും തുക ചിലവഴിക്കുന്നതിന് സർക്കാർ അനുമതി വേണ്ടി വരുമെന്നും ഇല്ലെങ്കിൽ തനത് ഫണ്ട് ചിലവഴിക്കേണ്ടി വരുമെന്നും ചെയർമാൻ അറിയിച്ചു. മഴക്കാലത്തിന് മുൻപായി നഗരസഭ പരിധിയിലെ തോടുകൾ ശുചീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.















