കൂടൽമാണിക്യം കഴകനിയമനവുമായി ബന്ധപ്പെട്ട് തന്ത്രിമാർ ക്ഷേത്രത്തിലെ ചുമതലകൾ നിർവ്വഹിക്കാത്തത് ജാതിവിവേചനമെന്ന് യുവകലാസാഹിതി ; ചുമതല നിർവഹിക്കാത്തവരെ അവകാശത്തിൽ നിന്നും നീക്കം ചെയ്യാൻ ദേവസ്വം നടപടി സ്വീകരിക്കണമെന്നും യുവകലാസാഹിതി
ഇരിങ്ങാലക്കുട :ജാതിവിവേചനത്തിൻ്റെ പേരിൽ വഴിനടക്കാനുള്ള അവകാശം നിഷേധിച്ച തീണ്ടൽപ്പലക തകർത്ത കുട്ടകുളം സമരചരിത്രത്തിൻ്റെ പാരമ്പര്യമുള്ള ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രികുടുംബങ്ങളുടെ ജാതിവിവേചനസമീപനം ലജ്ജാവഹമെന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം. പാരമ്പര്യകഴകക്കാർ ചുമതലയുപേക്ഷിച്ചുപോയതിനെ തുടർന്ന് രണ്ടുപതിറ്റാണ്ടിലേറെക്കാലം ദേവസ്വം നിയോഗിച്ച പാരമ്പര്യേതര കഴകക്കാരൻ ചുമതല നിർവ്വഹിച്ച് റിട്ടയർ ചെയ്യുകയാണ് ഉണ്ടായത്.ആ തസ്തികയിലേക്ക് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് പത്രപരസ്യത്തിലൂടെ അപേക്ഷ ക്ഷണിച്ചപ്പോഴും പരീക്ഷ നടത്തിയപ്പോഴും ഇൻ്റർവ്യൂ നടത്തിയപ്പോഴും തന്ത്രിമാരോ ഊരാളന്മാർ എന്നവകാശപ്പെടുന്നവരോ യാതൊരു എതിർപ്പുമുയർത്തിയില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടയാൾ തങ്ങൾക്ക് പഥ്യമായ സമുദായക്കാരല്ല എന്ന് കണ്ടതോടെ ഇതുവരെ ഉന്നയിക്കാത്ത വാദങ്ങൾ ഇക്കൂട്ടർ ഉയർത്താനാരംഭിക്കുകയായിരുന്നു.ഇത് അപമാനകരമായ ജാതിവിവേചനം തന്നെയാണ്. ഹൈക്കോടതിയിൽ ഇക്കൂട്ടർ വ്യവഹാരപ്പെട്ടിട്ടും തടസ്സപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ദേവസ്വം റിക്രൂട്മെൻ്റ് ബോർഡ് അംഗീകരിച്ചയാളെ കഴകവൃത്തിക്ക് നിയോഗിച്ചത്. അയാളുടെ വ്യക്തിശുചിത്വത്തിലോ പ്രവൃത്തിയിലോ ഒരു പരാതിയും ആരും ഉന്നയിക്കുന്നില്ല. മാസങ്ങളായി ദേവന് ചാർത്തുന്നത് ആ വ്യക്തി കെട്ടിയ മാലയുമാണ്.ആറ് പാരമ്പര്യതന്ത്രികുടുംബങ്ങളിൽ ഒരു കുടുംബം ഒഴികെയുള്ളവർ ചുമതലകൾ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തുന്നത് മനുഷ്യത്വത്തിനോടുതന്നെയുള്ള വെല്ലുവിളിയാണ്.ക്ഷേത്രത്തിൽ തങ്ങളുടെ ചുമതല നിർവഹിക്കാൻ തയ്യാറാവാത്തവരെ ചുമതല നിർവ്വഹിക്കാനുള്ള അവകാശത്തിൽ നിന്ന് നീക്കം ചെയ്യാൻ ദേവസ്വം മുൻകൈ എടുക്കണം. തന്ത്രിസ്ഥാനത്തേക്ക് കൂടുതൽ പേരെ ആവശ്യമുണ്ടെങ്കിൽ യോഗ്യരായ മറ്റുള്ളവരിൽ നിന്ന് റിക്രൂട്ട്മെൻ്റ് ബോർഡ് വഴി തെരഞ്ഞെടുക്കാനും ദേവസ്വം ഭരണസമിതി നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ദേവസ്വം ഭരണസമിതി ഇക്കാര്യത്തിൽ ഇതുവരെയെടുത്ത ഉറച്ചനിലപാടിന് യുവകലാസാഹിതി പരിപൂർണ്ണ പിന്തുണ നൽകുന്നതായി മണ്ഡലം കമ്മിറ്റി
പ്രസിഡൻ്റ് അഡ്വ. രാജേഷ് തമ്പാൻ,
സെക്രട്ടറി വി.പി. അജിത്കുമാർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.















