സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പൂമംഗലം സ്വദേശി അറസ്റ്റിൽ; സ്ഥാപനം പ്രവർത്തിക്കുന്നത് ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : സെർബിയ എന്ന രാജ്യത്ത് പുത്തൻവേലിക്കര സ്വദേശിയായ പരാതിക്കാരനും സഹോദരിക്കും വർക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു. പൂമംഗലം കല്പപറമ്പ് ചീനക്കുഴി റോഡ് സ്വദേശിയും കല്യാശ്ശേരി വീട്ടിൽ താമസിക്കുന്നയാളുമായ സനീഷ് (38) ആണ് അറസ്റ്റിലായത്.
- ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ഇൻഡോ – യുഎസ് ഐടി എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ പ്രതി, വർക്ക് വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2025 ജൂലൈ 18 മുതൽ സെപ്റ്റംബർ 27 വരെയുള്ള വിവിധ തീയതികളിലായി ആണ് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ മുഖേന മൂന്ന് ലക്ഷം രൂപയും, 2025 സെപ്റ്റംബർ 27-ന് ഇരിങ്ങാലക്കുടയിലെ ഓഫീസിൽ വെച്ച് നേരിട്ട് അഞ്ച് ലക്ഷം രൂപയും ഉൾപ്പെടെ ആകെ എട്ട് ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയത്. എന്നാൽ, പണം കൈപ്പറ്റിയ ശേഷം വിസ ശരിയാക്കി നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജി എം കെ, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ ജാക്സൺ, എസ് ഐ സൗമ്യ ഇ യു, എ എസ് ഐ മാരായ മുരുകദാസ്, രാജേഷ്, സി പി ഒ അജിത്ത് സി എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















