രാസ ലഹരി മാഫിയയിലെ പ്രധാന കണ്ണി അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ; അന്തർസംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയായ മേത്തല സ്വദേശി ജിത്തുരാജിനെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തു

 

ഇരിങ്ങാലക്കുട : എംഡിഎംഎ കേസുകളിലെ പ്രതികൾക്ക് രാസലഹരി എത്തിച്ചുനൽകിയ അന്തർസംസ്ഥാന ലഹരിമാഫിയയിലെ പ്രധാന കണ്ണിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്.-ന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. മേത്തല കടുക്കച്ചുവട് സ്വദേശി മണിക്കകത്ത് വീട്ടിൽ ജിത്തുരാജ് (29) ആണ് അറസ്റ്റിലായത്.

ഇരിങ്ങാലക്കുട ഠാണാവിൽ വെച്ച് 245.72 ഗ്രാം എംഡിഎംഎ യും പുതുക്കാട് ടോൾ പ്ലാസയിൽ വെച്ച് 90.20 ഗ്രാം എംഡിഎംഎ യും പിടികൂടിയ കേസുകളിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അന്വേഷണം ജിത്തുരാജിലേക്ക് എത്തിയത്. ജിത്തുരാജ് ചെന്നൈ കേന്ദ്രീകരിച്ച് കേരളത്തിലേക്കുള്ള രാസലഹരി വിതരണ ശൃംഖല നിയന്ത്രിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

2025 ഡിസംബർ 2 ന് പുലർച്ചെ ഇരിങ്ങാലക്കുട ഠാണാവിൽ കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 245.72 ഗ്രാം എംഡിഎംഎ യുമായി കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശി മഠത്തിപ്പറമ്പിൽ വീട്ടിൽ ഫഹദ് (32) എന്നയാളെയും 2026 ഏപ്രിൽ 21 ന് പുതുക്കാട് പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് ബംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് സ്വകാര്യ ബസിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 90 ഗ്രാം എംഡിഎംഎ യുമായി കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി ഷൈൻ (28) എന്നിവരെയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും തൃശ്ശൂർ റൂറൽ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

ഈ രണ്ട് കേസുകളിലും അറസ്റ്റിലായ പ്രതികൾക്ക് എംഡിഎംഎ എത്തിച്ചുനൽകിയത് ജിത്തുരാജാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻറെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈഎസ്പി രതീഷ് കുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപ്. എസ് എന്നിവരുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് തമിഴ്നാട് ചെന്നൈയിലുള്ള ഒളിത്താവളത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ ജിത്തുരാജ് ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

Please follow and like us: