പൊറത്തിശ്ശേരിയിലെ കള്ള് ഷാപ്പ് വിരുദ്ധ സമരം; പരിശോധനയുമായി റവന്യൂ അധികൃതർ

പൊറത്തിശ്ശേരിയിലെ കള്ള് ഷാപ്പ് വിരുദ്ധ സമരം; പരിശോധനയുമായി റവന്യൂ അധികൃതർ

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി വീ വൺ നഗറിനോട് ചേർന്നുള്ള കള്ള് ഷാപ്പിൽ റവന്യൂ അധികൃതരുടെ പരിശോധന. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടര മാസമായി സമരം നടത്തുന്ന ജനകീയ സമിതി തഹസിൽദാർക്ക് നൽകിയ പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസർ ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഷാപ്പിൻ്റെ ലൈസൻസി, ജീവനക്കാർ , അടുത്തുള്ള വീട്ടുകാർ എന്നിവരിൽ നിന്നും വില്ലേജ് അധികൃതർ വിവരങ്ങൾ തേടി. സിവിൽ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ഷാപ്പ് സൈര്യ ജീവിതത്തിന് തടസ്സമാണെന്ന് അടുത്തുള്ള വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. പരിശോധന റിപ്പോർട്ട് തഹസിൽദാർക്ക് സമർപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. പരാതിയിൽ പറയുന്ന ക്ഷേത്രങ്ങൾ, കാവുകൾ എന്നിവയുമായി അബ്കാരി ആക്ടിൽ പറയുന്ന ദൂരപരിധി പാലിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയതായിട്ടാണ് സൂചന. സമീപത്ത് പട്ടികജാതി കുടുംബങ്ങൾ ഉണ്ടെങ്കിലും സർക്കാർ നോട്ടിഫൈ ചെയ്തിട്ടുള്ള ഉന്നതികൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്

Please follow and like us: