നാലമ്പല ദർശനം; റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ വിമർശനം

നാലമ്പലദർശനം; റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കത്തതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം.

 

ഇരിങ്ങാലക്കുട : നാലമ്പല ദർശനത്തിന് ദിവസങ്ങൾ ബാക്കി നില്ക്കേ പട്ടണത്തിലെ തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിൽ നഗരസഭ യോഗത്തിൽ വിമർശനം. നിശ്ചിത അജണ്ടകൾക്ക് മുന്നോടിയായി ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജുട്ടനാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. തീർത്ഥാടനക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുമെന്ന് ചർച്ചയ്ക്ക് മറുപടിയായി ചെയർമാൻ അറിയിച്ചു. അർഹിക്കുന്ന പ്രാധാന്യത്തിലേക്ക് കൂടൽമാണിക്യം ക്ഷേത്രത്തെ ഉയർത്തി കൊണ്ട് വരാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു. മാറി മാറി ദേവസ്വം ഭരിച്ച മുന്നണികൾക്കാണ് ഇതിൻ്റെ ഉത്തരവാദിത്വമെന്ന് ടി കെ ഷാജുട്ടൻ പറഞ്ഞു. ചർച്ച അയോധ്യയിലേക്കും പോളണ്ടിലേക്കും നീണ്ട് ഒടുവിൽ ഇരിങ്ങാലക്കുടയിൽ തന്നെ എത്തിച്ചേർന്നു

കോടികൾ ചിലവഴിച്ച് നിർമ്മിച്ച ചാത്തൻ മാസ്റ്റർ ഹാളിൽ ചോർച്ച തുടരുകയാണെന്നും സുരക്ഷിതമല്ലാത്ത പടികൾ ചവുട്ടി വീഴുന്ന സാഹചര്യമാണെന്നും എൽഡിഎഫ് കൗൺസിലർ നന്ദുലാൽ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ പരിശോധിക്കാമെന്ന് ചെയർമാൻ അറിയിച്ചു .

വർഷക്കാലത്തും ചെട്ടിപ്പറമ്പ് ഉൾപ്പെടെയുള്ള മേഖലയിൽ റോഡ് പണികളെ തുടർന്ന് പൈപ്പുകൾ പൊട്ടി കുടിവെള്ളം എത്താത്ത അവസ്ഥയാണെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാർ പറഞ്ഞു. സ്വകാര്യ ബസുകൾ ഠാണാവിൽ എത്തിച്ചേരാത്തത് മൂലം താലൂക്ക് ആശുപത്രിയിലേക്ക് എത്തേണ്ട രോഗികൾ അടക്കമുള്ളവർ ബുദ്ധിമുട്ടുകയാണെന്ന് സി സി ഷിബിൻ പറഞ്ഞു . ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യാമെന്ന് ചെയർമാൻ മറുപടി നൽകി.

യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.

Please follow and like us: