ഐടിയു ബാങ്കിലെ തട്ടിപ്പ് ;കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമമെന്നും നഗരസഭ ചെയർമാൻ എം പി ജാക്സൻ രാജി വയ്ക്കണമെന്നും സിപിഎം

ഐടിയു ബാങ്കിലെ കോടികളുടെ തട്ടിപ്പ്; കുറ്റവാളികളെ സംരക്ഷിക്കാനാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ശ്രമിക്കുന്നതെന്നും നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണമെന്നും ജന വിശ്വാസം നഷ്ടപ്പെട്ട നഗരസഭ ചെയർമാൻ എം പി ജാക്സൻ രാജിവെയ്ക്കണമെന്നും സിപിഎം

ഇരിങ്ങാലക്കുട : ഐടിയു ബാങ്കിൽ നടന്ന 400 കോടി രൂപയുടെ തട്ടിപ്പിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ബാങ്കിൻ്റെ മുൻ ചെയർമാൻ കൂടിയായ മുനിസിപ്പൽ ചെയർമാൻ എം പി ജാക്സൻ രാജിവയ്ക്കണമെന്നും സിപിഎം. ബാങ്കിൻ്റെ മുൻ ചെയർമാനെയും ഭരണസമിതിയെയും സംരക്ഷിക്കാനാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ശ്രമിക്കുന്നത്. മൂല്യമില്ലാത്ത വസ്‌തുക്കൾക്ക് കോടികളുടെ ലോൺ നൽകി കമ്മീഷൻ പറ്റുകയാണ് ഇക്കൂട്ടർ ചെയ്തത്. ഠാണാവിൽ പൂതംക്കുളം മൈതാനത്തിന് അടുത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടത്തിന് 12 കോടിയും വട്ടക്കുഴി ജ്വല്ലറിയ്ക്ക് 29 കോടി രൂപയുമാണ് ലോൺ നൽകിയിരിക്കുന്നത്. കള്ള മേൽവിലാസത്തിൽ കോട്ടയത്തും കോഴിക്കോടും കണ്ണൂരും ഉള്ള ഭൂമിയിൽ മേൽ കമ്മീഷൻ പറ്റി വായ്പകൾ നൽകിയിട്ടുണ്ട്. ഇവർക്കെതിരെ എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് ആർബിഐ വിശദീകരിക്കണം. ഭരണസമിതി പിരിച്ച് വിട്ട നടപടിക്കെതിരെ ഹൈക്കോടതിയിൽ പരാതി നൽകാൻ എം പി ജാക്സൻ വൈകിയത് എന്ത് കൊണ്ടാണ്. വിഷയത്തിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിലപാട് വ്യക്തമാക്കണം. നിക്ഷേപകർ നിവേദനം നൽകിയപ്പോൾ വിഷയത്തിൽ ഇടപെടാതെ നിക്ഷേപകരുടെ ലിസ്റ്റ് എടുക്കാൻ പറഞ്ഞ് സുരേഷ് ഗോപി എം പി ഒഴിഞ്ഞ് മാറുകയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ മുൻനിറുത്തി ബിജെപി കള്ളക്കളി കളിക്കുകയാണെന്നും സിപിഎം എരിയ സെക്രട്ടറി വി എ മനോജ്കുമാർ , ജില്ലാ കമ്മിറ്റി അംഗം അഡ്വ കെ ആർ വിജയ എന്നിവർ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇടതുപക്ഷം ദീർഘകാലമായി ഭരിച്ച കരുവന്നൂർ ബാങ്കിൽ പരാതികൾ ഉയർന്നപ്പോൾ സർക്കാർ സ്വീകരിക്കുവാൻ തയ്യാറായി. ഐടിയു ബാങ്കിൽ ഒരു വർഷമായിട്ടും കുറ്റവാളികൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബാങ്കിനെ സംരക്ഷിക്കണമെന്നും നഗരസഭ ചെയർമാൻ എം പി ജാക്സൻ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു

Please follow and like us: