ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; സങ്കടങ്ങളുടെ കെട്ടഴിച്ചും രോഷകുലരായും നിക്ഷേപകർ

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്ക് മുന്നിൽ സങ്കടങ്ങളുടെ കെട്ടഴിച്ചും രോഷാകുലരായും നിക്ഷേപകർ ; ജീവനക്കാരെ പിരിച്ച് വിടണമെന്നും ബാങ്കിനെ പ്രതിസന്ധിയിലാക്കിയവരെയും കൂട്ട് നിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും നിക്ഷേപകർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയവരുടെ പേരിൽ ആർബിഐ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് നിക്ഷേപകർ. രാവിലെ പത്ത് മണിയോടെ ബാങ്കിൽ എത്തിയ നിക്ഷേപകരാണ് ബാങ്ക് ജനറൽ മാനേജർക്കും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കും മുന്നിൽ രോഷാകുലരായി പ്രതികരിച്ചത്. വിഷയങ്ങൾക്ക് കാരണമായ ഭരണസമിതി ചെയർമാനും അംഗങ്ങളും ഞെളിഞ്ഞ് നടക്കുകയാണ്. ഒരു വർഷമായി നിക്ഷേപകർ ക്ഷമിച്ച് കഴിയുകയാണ്. ബാങ്കിൽ വന്ന് ചോദിച്ചാൽ ആർ ബി ഐ യോട് പറയാനാണ് ജീവനക്കാർ പറയുന്നത്. ഇവരെ പിരിച്ച് വിടണം. പകുതി ശമ്പളത്തിന് ജോലി ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ സഹായം തേടിയപ്പോൾ എതിരായി പ്രതികരിക്കുകയാണ് ജീവനക്കാരുടെ യൂണിയൻ ചെയ്തത്. ബാങ്കിൽ വൻ തുകകൾ കുടിശ്ശിക വരുത്തിയവരുടെ പേരുകൾ പുറത്ത് വിടണം. ജനം അറിയട്ടെ. എല്ലാ ക്രമക്കേടുകൾ കാണിച്ചവരെയും കൂട്ട് നിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണം. നിക്ഷേപങ്ങൾ സമാഹരിക്കാൻ പിന്നാലെ നടന്ന ജീവനക്കാർ ആരും തങ്ങളുടെ കൂടെയില്ല. ചികിൽസകൾ, മക്കളുടെ വിവാഹം, പഠനം എല്ലാം പ്രതിസന്ധിയിലായി. പലരും ആത്മഹത്യയുടെ വക്കിലാണെന്ന് നിക്ഷേപകർ പറഞ്ഞു

നേരത്തെ ബിഷപ്പ് ഹൗസിൽ എത്തി രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ സഹായവും നിക്ഷേപകർ തേടി. സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കായി പിരിച്ചെടുത്ത തുകകൾ ടൗൺ ബാങ്കിൽ നിക്ഷേപിച്ചത് മൂലം സേവന പ്രവർത്തനങ്ങൾക്കായി മറ്റ് ഫണ്ടുകൾ കണ്ടേത്തണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ നേരത്തെ തന്നെ വിഷയം ധരിപ്പിച്ചിച്ച് കഴിഞ്ഞിട്ടുണ്ടെന്നും രൂപത നേതൃത്വം മറുപടി നൽകിയതായിട്ടാണ് സൂചന. അതേ സമയം നിക്ഷേപങ്ങൾ തിരിച്ച് കിട്ടാനുള്ള ശ്രമങ്ങൾക്ക് വൈദികർ പൂർണ്ണ പിന്തുണയാണ് നൽകിയതെന്ന് നിക്ഷേപകർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. സ്ത്രീകൾ അടക്കം നൂറോളം നിക്ഷേപകരാണ് രാവിലെ തന്നെ ബാങ്കിൽ എത്തിയത്.

Please follow and like us: