നാലമ്പല തീർഥാടനത്തിന് മുന്നോടിയായി യോഗം ചേർന്ന് കോർഡിനേഷൻ കമ്മിറ്റി

നാലമ്പല തീർഥാടനത്തിന് മുന്നോടിയായി യോഗം ചേർന്ന് കോർഡിനേഷൻ കമ്മിറ്റി ; തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കണമെന്ന് നിർദ്ദേശിച്ച് മന്ത്രി കെ മുരളീധരൻ

ഇരിങ്ങാലക്കുട : നാലമ്പല തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കണമെന്ന് നിർദ്ദേശിച്ച് ദേവസ്വം – ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. കർക്കിടകമാസത്തിലെ നാലമ്പല തീർഥാടനത്തിന് മുന്നോടിയായി കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ ചേർന്ന നാലമ്പല കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്. സംസ്ഥാനത്തെ കെ എസ്ആർടിസി ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസുകൾ തുടങ്ങാൻ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി കഴിഞ്ഞിട്ടുണ്ട്. തീർഥാടകർക്കുള്ള ശുദ്ധജല വിതരണം, അന്നദാനം , മെഡിക്കൽ എയ്ഡ് സെൻ്ററുകൾ, 24 മണിക്കൂറും ആംബുലൻസ് സർവീസ് , സൈൻ ബോർഡുകൾ ഇൻഫർമേഷൻ കൗണ്ടർ , ആവശ്യത്തിന് വഴിപാട് കൗണ്ടറുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ സജ്ജീകരിക്കാൻ ദേവസ്വം ഭരണസമിതികൾക്ക് മന്ത്രി നിർദ്ദേശം നൽകി. ശുചീകരണ , മാലിന്യ സംസ്കരണ പ്രവ്യത്തികൾ തദ്ദേശസ്ഥാപനങ്ങൾ എറ്റെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തീർഥാടകരുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ സംസ്ഥാന ബജറ്റിൽ പത്ത് കോടി പ്രഖ്യാപിച്ചിട്ടുള്ളതായി ആമുഖ

പ്രഭാഷണം നടത്തിയ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ അറിയിച്ചു. ഫസ്റ്റ് എയ്ഡ് സെൻ്ററുകളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് ഗീതാ ഗോപി എംഎൽഎ ആവശ്യപ്പെട്ടു. ഭക്തജനങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള ഫണ്ടുകൾ വകമാറ്റി ചിലവഴിക്കുന്നത് ശരിയല്ലെന്ന് നഗരസഭ ചെയർമാൻ എം പി ജാക്സൻ പറഞ്ഞു. വിവിധ ക്ഷേത്രങ്ങളിൽ നടത്തിയിട്ടുള്ള ഒരുക്കങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് രവീന്ദ്രൻ , മെമ്പർ അജയൻ, തിരുവിതാകൂർ ദേവസ്വം ബോർഡ് കമ്മീഷണർ സുനിൽകുമാർ, കൂടൽമാണിക്യം ദേവസ്വം മെമ്പർ മുരളി ഹരിതം പായമ്മൽ ദേവസ്വം സേവാസമിതി പ്രസിഡണ്ട് സുലേഷ് എന്നിവർ യോഗത്തിൽ വിശദീകരിച്ചു. ത്യശ്ശൂർ റേഞ്ച് ഡിഐജി ടി നാരായണൻ , റൂറൽ എസ്.പി മുഹമ്മദ് അദിമുദ്ദീൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ , ദേവസ്വം ഭരണ സമിതി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി സ്വാഗതവും അഡ്‌മിനിസ്ട്രേറ്റർ ജി എസ് രാധേഷ് നന്ദിയും പറഞ്ഞു.

Please follow and like us: