അമ്മന്നൂർ ഗുരുകുലത്തിൽ ഗുരുസ്മരണദശരൂപക മഹോത്സവത്തിന് തുടക്കമായി
ഇരിങ്ങാലക്കുട :അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ഗുരുസ്മരണയോടെ ദശരൂപക കൂടിയാട്ട മഹോത്സവം ആരംഭിച്ചു. പത്മഭൂഷൺ അമ്മന്നൂർ മാധവ ചാക്യാരുടെ പതിനെട്ടാമത് ചരമദിനമായ ജൂലൈ 1 ന് അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആചാര്യ വന്ദനത്തോടെ ആരംഭിച്ച അമ്മന്നൂർ അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. വേണുജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഉഷനങ്ങ്യാർ ,അഡ്വ. രാജേഷ് തമ്പാൻ , വാർഡ് കൗൺസിലർ ഡെലി സിജു എന്നിവർ അമ്മന്നൂർ അനുസ്മരണം നടത്തി. അമ്മന്നൂർ സ്മാരക പ്രഭഷണമായി ഡോ. കെ.ജി. പൗലോസ് ദശരൂപകങ്ങൾ ഭരതൻ്റെ കാഴ്ചപ്പാടിൽ എന്ന വിഷയം കേന്ദ്രീകരച്ച് പ്രഭാഷണം നടത്തി . ഗുരുകുലം പ്രസിഡൻ്റ് കലാമണ്ഡലം രാജീവ് സ്വാഗതവും സെക്രട്ടറി സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഉഷ നങ്ങ്യാർ സംവിധാനം ചെയ്ത ദ്രൗപദി ആതിര ഹരിഹരൻ അവതരിപ്പിച്ചു. പാണ്ഡവന്മാരുടേയും കൗരവന്മാരുടേയും ചൂതുകളിയും പാഞ്ചാലിയുടെ വസ്ത്രാക്ഷേപവുമായിരുന്നു പ്രധാന അഭിനയ രംഗങ്ങൾ .മിഴാവിൽ കലാമണ്ഡലം രാജീവ് കലാമണ്ഡലം ഹരിഹരൻ കലാമണ്ഡലം വിനിഷ് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അക്ഷര എന്നിവരും പങ്കെടുത്തു.















