നിയമസഭ തിരഞ്ഞെടുപ്പ്; പ്രതീക്ഷിച്ച വോട്ട് നേടാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിൽ ബിജെപി

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ പ്രതീക്ഷിച്ച വോട്ട് നേടാൻ കഴിഞ്ഞില്ലെന്ന പ്രാഥമിക വിലയിരുത്തലിൽ ബിജെപി

ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന പ്രാഥമിക വിലയിരുത്തലിൽ ബിജെപി . 2016 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ 30420 വോട്ടും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 34329 വോട്ടും ബിജെപി പ്രധാന കക്ഷിയായിട്ടുള്ള എൻഡിഎ യ്ക്ക് ലഭിച്ചിരുന്നു. 2024 ൽ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ 59515 വോട്ടിൻ്റെ നേട്ടവും മണ്ഡലത്തിൽ എൻഡിഎ ഉണ്ടാക്കിയിരുന്നു. 2025 ൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ 35094 വോട്ട് നേടാനും മുന്നണിക്ക് കഴിഞ്ഞിരുന്നു. എന്നാൽ 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളത്തിന് ലഭിച്ച വോട്ട് 27167 ആയി കുറയുകയായിരുന്നു. 223 ബൂത്തുകളിൽ പൊറത്തിശ്ശേരി , മുരിയാട്, ഇരിങ്ങാലക്കുട നഗരസഭ , പടിയൂർ എന്നിവടങ്ങളിൽ നിന്നായി എഴ് ബൂത്തുകളിൽ മാത്രമാണ് എൻഡിഎ മുന്നിൽ എത്തിയിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഭരണവിരുദ്ധ വികാരത്തിൻ്റെയും ന്യൂനപക്ഷ വോട്ടുകളുടെ എകീകരണത്തിൻ്റെയും മുഴുവൻ നേട്ടങ്ങൾ കൂടുതൽ ജയസാധ്യത ഉള്ളതായി വിലയിരുത്തപ്പെട്ട യുഡിഎഫിന് ലഭിച്ചതായിട്ടാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്ത് ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ എൻഡിഎ യ്ക്കും തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട അടക്കമുള്ള മണ്ഡലങ്ങളിൽ വോട്ടുകൾ കുറഞ്ഞതായി ബിജെപി നേതൃത്വം വിലയിരുത്തുന്നുണ്ട്. വിശദമായ വിലയിരുത്തൽ മെയ് 16 ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടക്കുമെന്നാണ് സൂചന

Please follow and like us: