വാഹനം തട്ടിയെന്ന ആക്ഷേപം ഉന്നയിച്ച് മാടായിക്കോണം സ്വദേശിയെ മർദ്ദിച്ച കേസിൽ നീതി തേടി കുടുംബം

വാഹനം തട്ടിയെന്ന ആക്ഷേപം ഉന്നയിച്ച് മാടായിക്കോണം സ്വദേശിയെ മർദ്ദിച്ച കേസിൽ നീതി ലഭിക്കാൻ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുന്നിൽ കുടുംബത്തിൻ്റെ പ്രതിഷേധം

ഇരിങ്ങാലക്കുട : വാഹനം തട്ടിയെന്ന ആക്ഷേപം ഉന്നയിച്ച് മാടായിക്കോണം സ്വദേശിയെ മർദ്ദിച്ച കേസിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുമ്പിൽ ശവമഞ്ചവുമായി കുടുംബത്തിൻ്റെ പ്രതിഷേധം. ആഗസ്റ്റ് ഒന്നിന് വൈകീട്ട് നാല് മണിയോടെ കാട്ടുങ്ങച്ചിറയിൽ വച്ചായിരുന്നു സംഭവം. മാടായിക്കോണം കണ്ണാട്ട് വീട്ടിൽ രാമൻമേനോൻ മകൻ സജീവ് കുമാറിനാണ് ( 50 വയസ്സ്) മർദ്ദനമേറ്റത്. മോഡേൺ ബ്രെഡ് കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന സജീവ്കുമാർ ഔദ്യോഗിക ആവശ്യത്തിനായി മഹീന്ദ്ര ജിറ്റോ വാഹനത്തിൽ പോകുമ്പോൾ എതിരെ നിന്ന് സ്‌കൂട്ടറിൽ വന്ന യുവാവ് , തൻ്റെ സ്‌കൂട്ടറിൽ സെയിൽസ് വാഹനം തട്ടിയെന്ന് കുറ്റപ്പെടുത്തി കൈ ചുരുട്ടിയും സ്കൂട്ടറിൻ്റെ താക്കോൽ ഉപയോഗിച്ചും മർദ്ദിച്ചതായിട്ടാണ് പരാതി. കണ്ണിനും മൂക്കിനും പരിക്കേറ്റ സജീവ് കുമാറിനെ പോലീസ് എത്തിയാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . തുടർന്ന് ഇരിങ്ങാലക്കുടയിലെയും തൃശ്ശൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടേണ്ടി വന്നു. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും നിസ്സാര വകുപ്പുകൾ ഇട്ട് അന്വേഷണം നടത്തി പ്രതിയെ ജാമ്യത്തിൽ വിട്ടുവെന്നും ശരിയായ അന്വേഷണം നടത്തണമെന്നും പ്രതിയെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്റ്റേഷന് മുന്നിൽ രാവിലെ ഒൻപത് മണിയോടെ എത്തിയത്. അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് പുതിയതായി ചുമതല വഹിക്കുന്നയേറ്റ സി ഐ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ പന്ത്രണ്ട് മണിയോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. സജീവിനും കുടുംബത്തിനും പിന്തുണയുമായി യൂത്ത് ഫ്രണ്ട് പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു.

Please follow and like us: