ചാലക്കുടി – ഇരിങ്ങാലക്കുട റൂട്ടിൽ വിദ്യാർത്ഥികൾ ചൂഷണം നേരിടുന്നതായി പരാതി; അടിയന്തിര നടപടി വേണമെന്ന് നാഷണൽ ഗ്രീൻ സോഷ്യലിസ്‌റ്റ്.
ഇരിങ്ങാലക്കുട : ചാലക്കുടി – ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത ചൂഷണവും അധിക്ഷേപവുമെന്ന് പരാതി. ഫെയർ സ്റ്റേജ് പ്രകാരം വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട കൺസെഷൻ നിരക്കുകൾ കാറ്റിൽപ്പറത്തി 15 രൂപ വരെ ബസ് ജീവനക്കാർ അനധികൃതമായി പിരിച്ചെടുക്കുന്നതായും, പ്രതികരിക്കുന്ന കുട്ടികളെ പരസ്യമായി അധിക്ഷേപിക്കുന്നതായും ചൂണ്ടിക്കാട്ടി ‘നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ്’ പ്രസിഡന്റ് വാക്സറിൻ പെരേപ്പാടൻ ഗതാഗത മന്ത്രിക്ക് പരാതി നൽകി. ചാലക്കുടിയിൽ നിന്നും ഇരിങ്ങാലക്കുടയിൽ നിന്നും കയറുന്ന വിദ്യാർത്ഥികൾക്ക് ‘ഇരിക്കാനും നിൽക്കാനും’ ജീവനക്കാർ സ്വന്തം നിലയിൽ പ്രത്യേക നിരക്കുകൾ നിശ്ചയിച്ചിരിക്കുകയാണ്. ചാലക്കുടിയിൽ നിന്ന് സീറ്റിൽ ഇരിക്കാൻ 15 രൂപയും നിൽക്കാൻ 5 രൂപയും, ഇരിഞ്ഞാലക്കുടയിൽ നിന്ന് ഇരിക്കാൻ 10 രൂപയും നിൽക്കാൻ 5 രൂപയുമാണ് ഇളവു നൽകേണ്ട വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധപൂർവ്വം ഈടാക്കുന്നത്.
ബസുകളിൽ കിലോമീറ്ററിന് ആനുപാതികമായ യാത്രാനിരക്കുകളോ വിദ്യാർത്ഥി കൺസെഷൻ ചാർട്ടോ പ്രദർശിപ്പിക്കുന്നില്ല. വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുഴുവൻ തുക നൽകുന്ന സാധാരണക്കാർക്ക് പോലും ടിക്കറ്റ് നൽകാൻ ഇവിടുത്തെ ബസ് ജീവനക്കാർ തയാറാകുന്നില്ല.
കർശന നടപടിയെടുക്കണമെന്നും, മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിച്ച് റൂട്ടിൽ മിന്നൽ പരിശോധന നടത്തണമെന്നും ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.















