സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുടയിൽ ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരെയും മാധ്യമപ്രവർത്തകരെയും തടഞ്ഞ സംഭവം അടുത്ത നഗരസഭ യോഗത്തിൽ ഉന്നയിക്കുമെന്ന് ബിജെപി
ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ നഗരസഭ ഓഫീസിൽ എത്തിയ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരെയും മാധ്യമ പ്രവർത്തകരെയും തടഞ്ഞ വിഷയം അടുത്ത നഗരസഭ യോഗത്തിൽ ഉന്നയിക്കുമെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജുട്ടൻ. ഇത് സംബന്ധിച്ച് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് അംഗങ്ങൾ നല്കിയ നിവേദനം എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിയൂരിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകന് നഗരസഭ ഓഫീസിൽ വരേണ്ട കാര്യമില്ല. വിഷയങ്ങൾ ജനാധിപത്യപരമായി തീർക്കാൻ ഉള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ട്. നിക്ഷേപകർക്ക് ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്ന് പണം തിരിച്ച് നൽകാൻ കഴിയുമെന്ന് പറയാൻ കരുവന്നൂരിൽ ആയാലും ഇരിങ്ങാലക്കുടയിൽ ആയാലും പറയാൻ ആർക്കും കഴിയുന്നില്ല. പണം തിരിച്ച് ലഭിക്കാൻ നിക്ഷേപകർ സ്വാഭാവികമായും വിവിധ സമരമാർഗ്ഗങ്ങളും അവലംബിക്കും. ഇതൊന്നും റിപ്പോർട്ട് ചെയ്യരുത് എന്ന സമീപനം ശരിയല്ല. മാധ്യമ വേട്ടയ്ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ബിജെപി നേതാവ് അറിയിച്ചു. ക്ലബ് പ്രസിഡൻ്റ് വി ആർ സുകുമാരൻ, സെക്രട്ടറി ടി ജി സിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്















