ക്രൈസ്റ്റ് കോളേജിൽ 412 വിഭവങ്ങളുമായി മെഗാ സദ്യ
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ബി.കോം ഫിനാൻസ് സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ സദ്യ 2026 വിഭവസമൃദ്ധിയുടെയും കൂട്ടായ്മയുടെയും ആഘോഷമായി ശ്രദ്ധേയമായി. അഡ്വ തോമസ് ഉണ്ണിയാടൻ, മണപ്പുറം ഫിനാൻസ് സി.ഇ.ഒ. വി.പി. നന്ദകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ് സി.എം.ഐ. ,കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു .കാഴ്ചപരിമിതിയെ മറികടന്ന് 2025-ലെ യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ റാങ്ക് 109 നേടിയ കോളേജിലെ മുൻ അധ്യാപകൻ അജയ് ആർ രാജിനെ ചടങ്ങിൽ വച്ച് ആദരിച്ചു.കേരളീയ പാരമ്പര്യത്തിന്റെ രുചിയും ഓണത്തിന്റെ ആഘോഷഭാവവും നിറഞ്ഞുനിന്ന സദ്യയിൽ 57 മധുരപലഹാരങ്ങൾ, 61 അച്ചാറുകൾ, 50 ചമ്മന്തികൾ, 47 ഫ്രൈഡ് വിഭവങ്ങൾ, 20 സാലഡുകൾ, 71 തോരൻ വിഭവങ്ങൾ, 42 സൈഡ് കറികൾ, 21 പ്രധാന കറികൾ, 39 പായസങ്ങൾ എന്നിവ ഉൾപ്പെടെ ആകെ 412 വിഭവങ്ങളാണ് ഒരുക്കിയത്.















