കഴക ജീവനക്കാരൻ്റെ ജാതി പ്രശ്നമല്ല; ചടങ്ങുകളിൽ നിന്നും മാറി നിന്നിട്ടില്ല; ഉൽസവ ചടങ്ങുകളുമായി സഹകരിക്കുമെന്നും തന്ത്രിമാർ

കൂടൽമാണിക്യം ദേവസ്വം ഭരണസമിതി തങ്ങളെ അപമാനിക്കുകയാണെന്ന് തന്ത്രി പ്രതിനിധികൾ; കഴക ജീവനക്കാരൻ്റെ ജാതിയല്ല എതിർപ്പിന് കാരണം ; കഴിഞ്ഞ ഒരു വർഷമായി ക്ഷേത്ര ചടങ്ങുകളിൽ നിന്നും മാറി നിന്നിട്ടില്ല; ഉൽസവ ചടങ്ങുകളുമായി സഹകരിക്കുമെന്നും വിശദീകരണം

ഇരിങ്ങാലക്കുട : സത്യവിരുദ്ധമായ പ്രസ്താവനകളിലൂടെ കൂടൽമാണിക്യം ദേവസ്വം ഭരണ സമിതി തങ്ങളെ അപമാനിക്കുകയാണെന്ന് തന്ത്രി കുടുംബാംഗങ്ങൾ.പൗരാണികത എറെയുള്ള കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് തങ്ങൾ ശ്രമിച്ചിട്ടുള്ളത്. കഴക നിയമനത്തിൽ തന്ത്രിമാരുടെ അധികാരം ലംഘിക്കരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കഴക ജീവനക്കാരൻ്റെ സമുദായമോ ജാതിയോ എതിർപ്പിന് കാരണമല്ല. ജാതി വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്ന് ആദ്യം നിയമിതനായ ബാലു തന്നെ പറഞ്ഞിട്ടുണ്ട്. അബ്രാഹ്മണ ശാന്തിക്കാർ ഉള്ള മറ്റ് ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ കൂടൽമാണിക്യം തന്ത്രിമാർ താന്ത്രിക ചുമതല നിർവഹിക്കുന്നുണ്ട്. കഴക നിയമനം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. സിവിൽ കോടതിയുടെ തീരുമാനത്തിന് വിടുകയായിരുന്നു.

ഒരു വർഷമായി പടിഞാറെ മന ഒഴികെയുള്ള തന്ത്രിമാർ ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് ദേവസ്വം പറയുന്നത് ശരിയല്ല. 2025 ലെ ഉൽസവം , പ്രതിഷ്ഠ ദിനം, 2026 ലെ നവരാത്രി , പ്രതിഷ്ഠാദിന ചടങ്ങുകളിൽ തങ്ങൾ പങ്കെടുത്ത് അടിയന്തരങ്ങൾ നിർവഹിച്ചിട്ടുണ്ട്.

ഉൽസവ ചടങ്ങുകളുടെ ക്രമം മാറ്റിയതിനെ അംഗീകരിക്കാൻ കഴിയില്ല. ക്രമം മാറ്റിയാൽ ദർശനത്തിന് കൂടുതൽ സമയം ലഭിക്കുമെന്ന വാദവും കലശാഭിഷേകം വൈകുന്നതിനാൽ നാല്പതോളം പേർക്ക് ഭക്ഷണം കഴിക്കാത്ത സാഹചര്യം ഉണ്ടാകുന്നുവെന്ന് പറയുന്നതും ശരിയല്ല. താന്ത്രികമായ നടപടി ക്രമങ്ങളിലൂടെ മാത്രമേ ഇക്കാര്യങ്ങളിൽ മാറ്റം വരുത്താൻ കഴിയൂ.

ക്ഷേത്രങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിലും തന്ത്രിമാരുടെ അംഗീകാരങ്ങൾ തേടിയിട്ടില്ല. പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഗോപുരത്തിൻ്റെ കണക്കിൽ വ്യതിയാനം വരുത്താൻ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സഹായത്തിനായി വരുവാൻ ആവശ്യപ്പെടുന്നവരെ തന്ത്രിമാർ ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണവും ശരിയല്ല. അത്തരം ജീവിത രീതിയല്ല തന്ത്രിമാർ ശീലിച്ചിട്ടുള്ളത്.

വിഷയം സുപ്രീം കോടതി തീർപ്പാക്കുന്നത് വരെ സത്യവിരുദ്ധമായ പ്രചരണങ്ങൾ ദേവസ്വം ഭരണ സമിതി നിറുത്തി വയ്ക്കണം. ഉൽസവ ചടങ്ങുകളിൽ പങ്കെടുക്കുമെന്നും തന്ത്രി കുടുംബാംഗങ്ങളായ നെടുമ്പിള്ളി തരണനെല്ലൂർ സജി നമ്പൂതിരിപ്പാട് , കിടങ്ങശ്ശേരി തരണനെല്ലൂർ ജാതവേദൻ നമ്പൂതിരി, അണിമംഗലത്ത് വല്ലഭൻ നമ്പൂതിരി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു .

Please follow and like us: