കൂടൽമാണിക്യം ദേവസ്വം വക കച്ചേരി വളപ്പിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ താക്കോൽ ദേവസ്വം അധികൃതർക്ക് കൈമാറി

കൂടൽമാണിക്യം ദേവസ്വം വക കച്ചേരിവളപ്പിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ താക്കോൽ ദേവസ്വം അധികൃതർക്ക് കൈമാറി; തനത് വരുമാനം വർധിപ്പിക്കാനായി ബ്യഹത്തായ പദ്ധതിക്ക് നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം അധികൃതർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മെയിൻ റോഡിൽ കൂടൽമാണിക്യം ദേവസ്വം വക കച്ചേരിവളപ്പിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ താക്കോൽ ജുഡീഷ്യൽ അധികൃതർ ദേവസ്വം അധികൃതർക്ക് കൈമാറി. രാജഭരണക്കാലത്ത് നിർമ്മിച്ചതും 150 ൽ എറെ വർഷങ്ങളുടെ പഴക്കമുള്ളതുമായ കെട്ടിടത്തിൽ മജിസ്ട്രേറ്റ്, മുൻസിഫ് , എംഎസിടി ഉൾപ്പെടെ നിരവധി കോടതികളാണ് പ്രവർത്തിച്ചിരുന്നത് . 2015 ൽ സിവിൽ സ്‌റ്റേഷനോടുബന്ധിച്ചുള്ള കോടതി കെട്ടിടത്തിലേക്ക് എല്ലാ കോടതികളും മാറിയെങ്കിലും മജിസ്ട്രേറ്റ് കോടതി മാറിയിരുന്നില്ല. കാലപ്പഴക്കത്തെ തുടർന്ന് അപകട ഭീഷണിയിലായ കച്ചേരിവളപ്പ് കെട്ടിടത്തിൽ നിന്ന് മജിസ്ട്രേറ്റ് കോടതിയും മാറണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് ആദ്യഘട്ടത്തിൽ മാറ്റം സാധ്യമായില്ല. തുടർന്ന് മജിസ്ട്രേറ്റ് കോടതി സിവിൽ സ്റ്റേഷനിലെ തന്നെ കോടതി കെട്ടിടത്തിലേക്ക് മാറിയെങ്കിലും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകാഞ്ഞതിനെ തുടർന്ന് ദേവസ്വത്തിന് കച്ചേരിവളപ്പ് വിട്ടുകിട്ടിയിരുന്നില്ല. ഒന്നര എക്കർ വരുന്ന കച്ചേരി വളപ്പിൽ വഴിപാട് ഇതര വരുമാനം വർധിപ്പിക്കാൻ ഉതകുന്ന തലത്തിൽ ബ്യഹത്തായ പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും ദേവസ്വം വകുപ്പിൻ്റെയും സർക്കാരിൻ്റെയും അനുവാദത്തോടെ ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ സി പ്രീതി എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു . ഭരണസമിതി അംഗങ്ങളായ അഡ്വ കെ ജി അജയകുമാർ , കെ ബിന്ദു , ദേവസ്വം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: