ബൈപ്പാസ് റോഡിൻ്റെ ടാറിംഗ് പ്രവ്യത്തിയുടെ ആദ്യ ഘട്ടം തുടങ്ങി: 1160 മീറ്റർ നീളത്തിൽ റോഡ് നവീകരിക്കുന്നത് നാല് കോടിയിൽ അധികം രൂപ ചിലവഴിച്ച്
ഇരിങ്ങാലക്കുട : പട്ടണത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ബൈപ്പാസ് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബിറ്റുമിൻ മെക്കാഡം ടാറിംഗ് പ്രവർത്തനങ്ങൾ തുടങ്ങി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാനകളുടെയും നടപ്പാതയുടെയും വൈദ്യുതി പോസ്റ്റുകൾ, പൈപ്പ് ലൈൻ തുടങ്ങിയ അനുബന്ധപണികൾക്കും ശേഷം ജനുവരി ആദ്യവാരത്തോടെ ബിറ്റുമിൻ കോൺക്രീറ്റ് പ്രവൃത്തികളും ആരംഭിക്കും. ബൈപാസ് റോഡിൻ്റെ നവീകരണത്തിന് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടർ നടപടികൾക്ക് ശേഷം ഇരിങ്ങാലക്കുട സ്വദേശി ചക്കാലമറ്റത്ത് വീട്ടിൽ ബിജോയിയാണ് നിർമ്മാണ കരാർ എറ്റെടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തുമായിട്ടാണ് നിർമ്മാണ കരാർ. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗമാണ് മേൽനോട്ടം വഹിക്കുന്നത്.1160 മീറ്റർ ദൂരം ഒൻപത് മീറ്ററോളം വീതിയിൽ ബിഎംബിസി നിലവാരത്തിൽ നിർമ്മിക്കാനാണ് കരാർ വച്ചിട്ടുള്ളത്. കുണ്ടും കുഴികളും വെള്ളക്കെട്ടുമായി കിടന്നിരുന്ന റോഡ് കഴിഞ്ഞ വർഷങ്ങളിൽ യാത്രക്കാർക്ക് ദുരിതയാത്രയാണ് സമ്മാനിച്ചിരുന്നത്. അപകടരമായ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേറ്റ സംഭവങ്ങളുമുണ്ടായി . നഗരസഭ ഭരണകൂടത്തെ നിശിതമായി പരിഹസിച്ച് കൊണ്ട് റോഡിൻ്റെ കാഴ്ചകളുമായി ട്രോളൻമാരും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മഴവെള്ളം നിറഞ്ഞു നിന്ന കുഴികളിൽ വഞ്ചിയിറക്കി കൊണ്ടുള്ള സമരങ്ങളും അരങ്ങേറിയിരുന്നു. ഒടുവിൽ തീരെ തകർന്ന് കിടന്നിരുന്ന 161 മീറ്റർ ദൂരം 27 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ അധികൃതർ ടൈൽ വിരിച്ചിരുന്നു. പ്രസ്തുത ഭാഗം ഒഴിച്ചുള്ള 1160 മീറ്റർ നീളമുള്ള റോഡാണ് നവീകരിക്കുന്നത്. നാളെ ഉച്ചയോടെ ആദ്യ ഘട്ടം ടാറിംഗ് പ്രവ്യത്തികൾ പൂർത്തിയാകും . ഇതുവഴിയുള്ള ഗതാഗതവും തുടർന്ന് പുനരാരംഭിക്കും.ബൈപ്പാസ് റോഡ് ” രാജപാത ” ആക്കി മാറ്റുമെന്നാണ് പുതിയ നഗരസഭ ഭരണസമിതി ഉറപ്പ് നൽകിയിരുന്നത് . പതിനൊന്ന് മാസമാണ് നിർമ്മാണ കാലാവധി നൽകിയിരിക്കുന്നത്. ഈ വർഷം ജൂലൈയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജനുവരിയിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.















