വീണ്ടും സമരം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ; ഫൊറൻസിക് ഓഡിറ്റ് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് നിക്ഷേപകർ
ഇരിങ്ങാലക്കുട : ഒരിടവേളയ്ക്ക് ശേഷം ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകർ വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നു. ബാങ്കിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയിട്ടുള്ള ലോൺ ഫയലുകളുമായി ബന്ധപ്പെട്ട് നടന്ന ഫൊറൻസിക് ഓഡിറ്റിൻ്റെ അടിസ്ഥാനത്തിൽ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടപടികൾ ആരംഭിച്ചതിൻ്റെ പിന്നാലെയാണ് നിക്ഷേപക കൂട്ടായ്മ വീണ്ടും സമരത്തിന് തുടക്കമിടുന്നത്. ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുകയും നഷ്ടപ്പെട്ട പണം പിടിച്ചെടുക്കുകയും ചെയ്യുക, പൊതു രേഖയായ ഫൊറൻസിക് ഓഡിറ്റ് റിപ്പോർട്ട് പരസ്യപ്പെടുത്തുക, ബാങ്കിൽ ഇപ്പോൾ ഉള്ള 200 കോടി രൂപ നിക്ഷേപകർക്ക് വിതരണം ചെയ്യുക, 2021 ൽ അത്താണി ബ്രാഞ്ചിൽ ഒന്നേകാൽ കോടി രൂപയിൽ അധികം തുക നഷ്ടപ്പെട്ട സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ തന്നെയാണ് സമരം തീരുമാനിച്ചിട്ടുള്ളത്. നിക്ഷേപകരുടെ പണം വിതരണം ചെയ്യുക, നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിൻ്റെ ബ്രാഞ്ചുകൾ നിർത്തലാക്കുക, ജീവനക്കാരുടെ ശമ്പളം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിക്ഷേപക കൂട്ടായ്മ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.















