കെഎസ്ടിപി റോഡ് നിർമ്മാണത്തെ ചൊല്ലി വീണ്ടും വിമർശനങ്ങൾ; അന്വേഷണത്തിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിട്ടുള്ളതായി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ തോമസ് ഉണ്ണിയാടൻ എംഎൽഎ
ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടന്ന തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാത നവീകരണവുമായി ബന്ധപ്പെട്ട് 18 ഓളം പരാതികൾ ലഭിച്ചതായി അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ മുകുന്ദപുരം താലൂക്ക് വികസന സമിതിയോഗത്തിൽ അറിയിച്ചു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ച പരാതികൾക്ക് മറുപടിയായിട്ടാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. വിഷയം തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഉന്നയിച്ചതായും അന്വേഷിക്കുവാൻ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.
ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നിലനിന്നിരുന്ന സ്ഥലത്തിൻ്റെ ഉടമസ്ഥത സംബന്ധിച്ച് റവന്യൂ അധികൃതർ വ്യക്തമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും നിയമ പ്രശ്നമാണെന്നും റിപ്പോർട്ടിൻ്റെ ആധികാരികത സംബന്ധിച്ച് പരിശോധിക്കുമെന്നും എന്നിട്ട് മാത്രമേ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും എംഎൽഎ അറിയിച്ചു.
കെഎൽഡിസി ഫണ്ട് മുരിയാട് കോൾ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ആനുപാതികമായി നൽകണമെന്നും കുടിവെള്ള പദ്ധതികൾക്കായി റോഡ് പൊളിക്കുമ്പോൾ റോഡുകളുടെ പുനർനിർമ്മാണവും ഉറപ്പുവരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.
പുതുക്കാട് മേൽപ്പാല നിർമ്മാണം തൂണുകളിൽ നിലനിറുത്തി പൂർത്തികരിക്കുക, ആളൂർ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കിൽ ഉൾപ്പെടുത്തുക എന്നീ പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
യോഗത്തിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി കണ്ണൻ , ഭാഗ്യവതി ചന്ദ്രൻ , കെ എ സുരേഷ്, ബീന സുരേന്ദ്രൻ, റോസിലി പൗലോസ്, രതി ബാബു , ജനപ്രതിനിധികളെ പ്രതിനിധീകരിച്ച് ഇ വി സജീവ് , എ ചന്ദ്രൻ , രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് ആൻ്റോ പെരുമ്പിള്ളി , കെ സി കാർത്തികേയൻ , സി യു പ്രിയൻ , വി എം മനോജ് തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. തഹസിൽദാർ എം ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.















