മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം ; പ്രതിഷേധവുമായി പ്രസ്സ് ക്ലബ് ; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം; മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനും തീരുമാനം.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ അധികൃതർക്ക് നിവേദനം നൽകാൻ ടൗൺ സഹകരണ ബാങ്ക് നിക്ഷേപകർ എത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സംഭവത്തിൽ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ അടിയന്തര യോഗം പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും നിർഭയമായി മാധ്യമപ്രവർത്തനം നടത്താനുമുള്ള സാഹചര്യം ഭരണകൂടം ഒരുക്കണമെന്നും യോഗം ആവശ്യപെട്ടു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സഹകരണ വകുപ്പ് മന്ത്രി , സംസ്ഥാന പോലീസ് വകുപ്പ് മേധാവി, എംഎൽഎ , നഗരസഭ ചെയർമാൻ , റൂറൽ പോലീസ് എസ്പി, ഡിവൈഎസ്പി , സി ഐ എന്നിവർക്ക് പരാതി നൽകാൻ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ചടങ്ങുകൾ പൂർത്തിയായിട്ടും ചില കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ ഓഫീസ് പരിസരത്ത് തുടർന്നതും നഗരസഭയുടെ പരിധിയിൽ ഇല്ലാത്തവർ സ്ഥലത്ത് എത്തിയതും ദൂരൂഹമാണെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ ക്ലബ് പ്രസിഡൻ്റ് വി ആർ സുകുമാരൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാഹുൽ അശോകൻ, ബെന്നറ്റ് തൗണ്ടാശ്ശേരി, ഷാജൻ ചക്കാലക്കൽ , അംഗങ്ങളായ നവീൻ ഭഗീരഥൻ, ജോസ് ജെ ചിറ്റിലപ്പിള്ളി, അഞ്ജുമോൻ വെളളാനിക്കാരൻ, പി ശ്രീനിവാസൻ , ശ്രീമോൻ പെരുമ്പാല , കെ ബി ദിലീപ്കുമാർ, ജോസ് മാമ്പിള്ളി എന്നിവർ സംസാരിച്ചു.















