ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി; മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരെ അകാരണമായി തടഞ്ഞ പോലീസിന് പുറകെ മാധ്യമപ്രവർത്തകരെ കയ്യേറ്റാൻ ചെയ്യാൻ ഒരുങ്ങി ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകരും ; നവതി ആഘോഷത്തിലേക്ക് കടക്കുന്ന നഗരസഭ ഓഫീസ് അങ്കണത്തിൽ വീണ്ടും സംഘർഷം

 

ഇരിങ്ങാലക്കുട : സമാധാനപരമായി ഇരിങ്ങാലക്കുട നഗരസഭ ഓഫീസിലേക്ക് നിവേദനം നൽകാൻ എത്തിയ ടൗൺ ബാങ്ക് നിക്ഷേപകരെ അകാരണമായി തടഞ്ഞ് സ്വാതന്ത്യദിനത്തിൽ സംഘർഷം സൃഷ്ടിച്ച പോലീസിൻ്റെ പാത പിന്തുടർന്ന് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാനുള്ള ശ്രമങ്ങളുമായി ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും. സ്വാതന്ത്ര്യദിനാഘോഷം പൂർത്തിയായിട്ടും ഇവർ നഗരസഭ അങ്കണത്തിൽ തന്നെ നിക്ഷേപകരെയും നോക്കി രക്ഷാപ്രവർത്തകരുടെ മട്ടിൽ തമ്പടിച്ചിരിക്കുകയായിരുന്നു. നഗരസഭ ഉദ്യോഗസ്ഥന് നിവേദനം കൈമാറി സമരസമിതി നേതാക്കൾ മടങ്ങുന്നതിനിടെ നഗരസഭ ഓഫീസ് അങ്കണത്തിൽ സമരസമിതി രക്ഷാധികാരി അഡ്വ ആൻ്റണി തെക്കേക്കരയെ ആക്ഷേപിച്ചും ഒരു നിക്ഷേപകൻ്റെയും പണം നഷ്ടപ്പെടില്ലെന്നും മാധ്യമപ്രവർത്തകർക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂടെ നിന്ന ഒരാൾ ആക്രോശിച്ചു. യൂത്ത് കോൺഗ്രസ് നിക്ഷേപകരുടെ കൂടെയാണോയെന്നും താങ്കളുടെ പേര് വെളിപ്പെടുത്തണമെന്നും മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ ഇയാൾ മാധ്യമ പ്രവർത്തകൻ്റെ കൈ തട്ടി മാറ്റി മാധ്യമ പ്രവർത്തകരുടെ അടുത്തേക്ക് കുതിക്കുകയും പിന്തുണയുമായി മറ്റ് ചില യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തിയതോടെ നവതി ആഘോഷത്തിലേക്ക് കടക്കുന്ന നഗരസഭ മന്ദിര പരിസരം ഒരിക്കൽ കൂടി സംഘർഷഭരിതമാവുകയായിരുന്നു. പടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാൽബിൻ പെരേരയാണ് ഇയാളെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് .

Please follow and like us: