ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി നിക്ഷേപകർ ; വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ആവർത്തിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ . വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ എത്തിയ നിക്ഷേപകരോടാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം പരിഹരിക്കേണ്ടത് രൂപതയുടെ ആവശ്യമാണ്. വിഷയം മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെയും മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും പരിശോധിക്കാമെന്നാണ് ഇവർ അറിയിച്ചതെന്നും ബിഷപ്പ് ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.
നേരത്തെ നിക്ഷേപകർ സെൻ്റ് ജോസഫ്സ് കോളേജിൽ വിവിധ ചടങ്ങുകൾക്ക് എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി. നിക്ഷേപകർക്ക് പണം തിരിച്ച് നൽകുക, ലോണുകൾ തിരിച്ച് പിടിക്കുക, കുറച്ച പലിശ നിരക്ക് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ പ്ലാക്കാർഡുകളുമേന്തിയാണ് കോളേജ് പരിസരത്തേക്ക് എത്തിയത്. പോലീസ് ഇടപെടലിനെ തുടർന്ന് നിക്ഷേപകരുടെ പ്രതിനിധിയായി ആക്ഷൻ കമ്മിറ്റി അംഗം പ്രിൻസ് ചക്കാലക്കൽ ചടങ്ങ് കഴിഞ്ഞ് കാറിൽ കയറാൻ ഒരുങ്ങിയ മന്ത്രിക്ക് നിവേദനം നൽകുകയായിരുന്നു.















