ഋതു മുറ്റം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ എ തുളസി; കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിക്കാൻ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി
ഇരിങ്ങാലക്കുട : വകുപ്പിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിക്കാൻ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുന്നതായി പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കുള്ള ഇ ഗ്രാൻ്റുകൾ രണ്ട് മാസത്തിനുള്ളിൽ കൊടുത്ത് തീർക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ തൃശ്ശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഋതു പരിസ്ഥിതി ചലച്ചിത്രമേളയുടെ ഭാഗമായി ഋതു മുറ്റം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശപഠനം ലക്ഷ്യമിടുന്ന എസ് സി എസ്ടി വിദ്യാർഥികൾക്ക് 25 ലക്ഷം രൂപയുടെ ഉന്നതി സ്കോളർഷിപ്പ് പദ്ധതിയും സിവിൽ സർവീസ് പരിശീലനത്തിന് പോകുന്ന കുട്ടികളുടെ ഫീസ് മുഴുവനായി നൽകുന്ന പദ്ധതിയും നിലവിലുണ്ട്. സമഗ്ര 2026 പദ്ധതിയുടെ ഭാഗമായി 100 കോടി രൂപയുടെ പലിശ രഹിത വിദ്യാഭ്യാസ വായ്പയാണ് വിതരണം ചെയ്യുന്നത്. മതേതര സ്വഭാവം കാത്ത് സൂക്ഷിക്കുന്ന ക്യാംപസാണ് സെൻ്റ് ജോസഫ്‌സ് കോളേജെന്ന് തൻ്റെ രണ്ട് വർഷത്തെ പ്രീഡിഗ്രി വിദ്യാഭ്യാസക്കാലത്തെ ഓർമ്മകൾ പങ്ക് വച്ചു കൊണ്ട് മന്ത്രി പറഞ്ഞു. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. ചരിത്ര വിഭാഗം മേധാവി ഡോ ജോസ് കുര്യാക്കോസ് , മുൻ വകുപ്പ് മേധാവി സിസ്റ്റർ രശ്‌മി , സ്റ്റുഡൻ്റ് കോർഡിനേറ്റർ അരുണിമ തുടങ്ങിയവർ സംസാരിച്ചു.















